കല്പ്പറ്റ: വയനാട്ടില് സിപ്പ് ലൈന് അപകടമെന്ന പേരില് വ്യാജ വീഡിയോ നിര്മിച്ച സംഭവത്തില് പ്രതി പിടിയില്. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കര് അലിയാണ് പിടിയിലായത്. വയനാട് സൈബര് പൊലീസ് ഇന്സ്പെക്ടര് ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വയനാട്ടില് സിപ്പ് ലൈന് അപടകമെന്ന രീതിയില് അടുത്തിടെയാണ് സോഷ്യല് മീഡിയയില് വ്യാപകമായി വീഡിയോ പ്രചരിച്ചത്. കുഞ്ഞുമായി ഒരു സ്ത്രീ സിപ്പ് ലൈനില് കയറുന്നതും തൊട്ടുപിന്നാലെ അപകടം സംഭവിക്കുന്നതുമായിരുന്നു വീഡിയോയില്. സിപ്പ് ലൈന് ഓപ്പറേറ്റര് താഴേക്ക് വീഴുന്നതും വീഡിയോയില് ഉണ്ടായിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വയനാട്ടില് ഇത്തപത്തില് ഒരു അപകടമുണ്ടായോ എന്ന ആശയങ്ക ഉയർന്നിരുന്നു. എന്നാല് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില് തന്നെ വീഡിയോ വ്യാജമാണെന്ന് വ്യക്തമായി. തുടര്ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ അഷ്കര് അലിക്കെതിരെ ആലപ്പുഴയില് നാല് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
Content Highlights- Alappuzha native man arrested for spread fake video in social media