കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണയത്തില് അതൃപ്തി അറിയിച്ച് കോട്ടയത്തെ കെഎസ്യു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കോട്ടയം ജില്ലയിലെ സ്ഥാനാര്ത്ഥി നിര്ണയത്തിലാണ് അതൃപ്തി അറിയിച്ച് കെഎസ്യു രംഗത്തെത്തിയത്. പ്രവര്ത്തകരെയും നേതാക്കളെയും തഴഞ്ഞതിനെതിരെ കെഎസ്യു നേതൃത്വം പ്രതിഷേധം അറിയിച്ചു.
സംഭവത്തില് പ്രതിഷേധം രേഖപ്പെടുത്തി ഡിസിസി പ്രസിഡന്റിന് കെഎസ്യു ജില്ലാ അധ്യക്ഷന് കെ എന് നൈസാം കത്ത് അയച്ചു. കത്തിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. കെഎസ്യു ജില്ലാ കമ്മിറ്റിക്ക് യാതൊരു പരിഗണനയും നല്കിയില്ലെന്നാണ് പ്രധാന പരാതി. കെഎസ്യു ജില്ലാ നേതാക്കളെ പൂര്ണ്ണമായും തഴയുന്ന സാഹചര്യമുണ്ടെന്നും കത്തില് പറയുന്നു.
'കെഎസ്യു ആവശ്യപ്പെട്ട ഒരു സീറ്റ് പോലും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിക്ക് നല്കാന് സാധിച്ചിട്ടില്ല. കെപിസിസി പുറത്തുവിട്ട സര്ക്കുലര് അനുസരിച്ച് മണ്ഡലം ബ്ലോക്ക് ജില്ലാ കോര് കമ്മിറ്റികളില് നിന്ന് കെഎസ്യു സംസ്ഥാന ജില്ലാ നേതാക്കളെ പൂര്ണ്ണമായും തഴയുന്ന സാഹചര്യമാണ് ഉണ്ടായത്. കഴിഞ്ഞ 10 വര്ഷക്കാലമായി കോണ്ഗ്രസ് പാര്ട്ടി അധികാരത്തില് ഇല്ലാത്ത സാഹചര്യത്തില് നിരവധിയായ സമരങ്ങളും പൊലീസ് മര്ദ്ദനങ്ങളും ഭരണപക്ഷ പാര്ട്ടികളുടെ മര്ദ്ദനങ്ങളും പൊലീസ് കേസുകളും ഏറ്റുവാങ്ങിയ പ്രവര്ത്തകരെയും നേതാക്കളെയും അവഗണിക്കുന്ന സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു', കത്തില് പറയുന്നു. കെഎസ്യുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും വിമര്ശനം ശക്തമാണ്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര് ഒന്പതിനാണ് നടക്കുക. തിരുവനന്തപുരം മുതല് എറണാകുളം വരെയാണ് ആദ്യഘട്ടത്തില് ഉള്പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര് പതിനൊന്നിനാണ് നടക്കുക. തൃശൂര് മുതല് കാസര്കോട് വരെയാണ് രണ്ടാംഘട്ടത്തില്. വോട്ടെണ്ണല് ഡിസംബര് 13 ന് നടക്കും.
Content Highlights: KSU expresses dissatisfaction with the selection of candidates for the local body elections