ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ മര്‍ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണം: ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് സംഘടന

മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്‍കി

തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് സംഘടന. ജയിലിനുള്ളില്‍ നടന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്‍കി.

'തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ രണ്ട് തടവുകാര്‍ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ആക്രമിച്ചു എന്ന വാര്‍ത്ത കണ്ട് അതില്‍ പറയുന്ന തടവുകാരില്‍ ഒരാള്‍ എന്റെ കക്ഷി കൂടിയായ മനോജ് ആണെന്ന് മനസ്സിലായി. ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കാനായി ഞാന്‍ ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ് എന്ന സംഘടനയുടെ ഒരു പ്രവര്‍ത്തകനൊപ്പം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ പോയിരുന്നു. മനോജ് നിലവില്‍ ആ ജയിലില്‍ ഇല്ല എന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് സൂപ്രണ്ടിനെ സമീപിച്ചപ്പോള്‍ മനോജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി അറിയിച്ചു.

മറ്റുള്ള തടവുകാരുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ അത്യന്തം ഗുരുതരമായ ചില കാര്യങ്ങളാണ് ഞങ്ങളെ അറിയിച്ചത്. അഭിനവ് എന്ന ജയില്‍ വാര്‍ഡന്‍ അസ്ഹറുദ്ദീന്‍ എന്ന തടവുകാരനെ സെല്ലില്‍ അടയ്ക്കുന്ന സമയത്ത് അകാരണമായി അസഭ്യം പറയുകയും മാന്യമായി പെരുമാറണമെന്ന് അദ്ദേഹം പ്രിസണ്‍ ഓഫീസറോട് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും അസഭ്യം പറയുകയും ബഹളം കേട്ട് ചെന്ന മനോജ് അതില്‍ ഇടപെട്ടപ്പോള്‍ മനോജിനേയും അങ്ങേയറ്റം മോശമായ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം ഇവരെ ബലംപ്രയോഗിച്ച് സെല്ലില്‍ പൂട്ടിയിട്ടു. അതിനുശേഷം മറ്റ് സഹപ്രവര്‍ത്തകരെയും ഒരുമിച്ചു കൂട്ടി അഭിനവിന്റെ നേതൃത്വത്തില്‍ മനോജിനെയും അസ്ഹറുദ്ദീനെയും ജയിലില്‍ മറ്റൊരു മുറിയില്‍ ഇട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

അതിനുശേഷം പുലര്‍ച്ചയോട് കൂടി മര്‍ദ്ദനമേറ്റ് അവശരായ രണ്ട് തടവുകാരെയും ബലം പ്രയോഗിച്ച് ആ ജയിലില്‍ നിന്നും മാറ്റി. മനോജിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും അസ്ഹറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. യാതൊരു പ്രകോപനവും ഇല്ലാതെ തടവുകാരുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്ന തരത്തില്‍ അസഭ്യം പറയുകയും കടുത്ത ശാരീരികമര്‍ദ്ദനം ഏല്‍പ്പിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ഈ നടപടി ജയില്‍ നിയമങ്ങള്‍ക്ക് എതിരും കുറ്റകരവുമാണ്. ഇതു മറച്ചുവെക്കാനായി തടവുകാര്‍ക്ക് എതിരെ കള്ള പരാതി കൊടുക്കുകയും വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും ആണ് ജയില്‍ അധികൃതര്‍ ചെയ്തത്.

ജയിലിനുള്ളില്‍ നടന്ന അത്യന്തം ഗുരുതരമായ ഈ ക്രൂരമായ മര്‍ദ്ദനത്തിനെ കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടികള്‍ അടക്കമുള്ളവ സ്വീകരിക്കണമെന്നും ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,' ജസ്റ്റിസ്ഫോര്‍ പ്രിസണേർസ് ചെയര്‍പേഴ്സണ്‍ ഷൈന, ഇസ്മായില്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.തടവുകാരുടെ ജനാധിപത്യ- മനുഷ്യാവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണ് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ്.

Content Highlights: Justice for Prisoners demands action against jail staff who attacked Maoist prisoner

To advertise here,contact us