എറണാകുളം: തദ്ദേശ തെരഞ്ഞടുപ്പിൽ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ എറണാകുളം സിപിഐയിൽ പൊട്ടിത്തെറി. നിമിഷ രാജുവിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് സിപിഐ ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയിൽ ആലോചിക്കാതെ പുറത്തുനിന്ന് സ്ഥാനാർത്ഥിയെ കൊണ്ടുവന്നുവെന്നാണ് ഇവരുടെ പരാതി.
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു നിലവിൽ എഐഎസ്എഫ് ജോയിന്റ് സെക്രട്ടറിയാണ്. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽനിന്നാണ് നിമിഷ രാജു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
2021 ഒക്ടോബറിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിനിടെ ആർഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ എഐഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Content Highlights: issues in Ernakulam CPI after Nimisha Raju was nominated as a candidate