'നവംബർ ഇരുപതിനകം എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയാക്കണം'; ബിഎൽഒമാർക്ക് പുതിയ ടാർഗെറ്റുമായി ജില്ലാ കളക്ടർ

ഫോം വിതരണം ചെയ്ത് പൂരിപ്പിച്ചുവാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബര്‍ നാല് വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിര്‍ദേശം

മലപ്പുറം: ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗെറ്റുമായി മലപ്പുറം ജില്ലാ കളക്ടര്‍. നവംബര്‍ ഇരുപതിനകം എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് കളക്ടറുടെ സര്‍ക്കുലറിലെ നിര്‍ദേശം. ഇരുപത്തിമൂന്നിനകം എന്യൂമറേഷന്‍ ഫോമുകളുടെ സ്വീകരണവും പൂര്‍ത്തിയാക്കണം. ഇരുപത്തിയാറിനകം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ചുവാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബര്‍ നാല് വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിര്‍ദേശം.

ബിഎല്‍എമാരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ വേണ്ടി ഇറക്കിയ സര്‍ക്കുലറാണിതെന്നും സമ്മര്‍ദത്തിന് വേണ്ടിയല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആവശ്യമെങ്കില്‍ വ്യക്തത വരുത്തുമെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

കണ്ണൂർ പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെ  വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം. എന്നാല്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി. തുടർന്ന് തങ്ങളുടെ ജോലി സമ്മർദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി ബിഎൽഒമാർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് മലപ്പുറം ജില്ലാ കളക്ടറുടെ പുതിയ സർക്കുലർ.

Content Highlights:Distribution of enumeration forms to be completed by nov. 20: New target to BLO's

To advertise here,contact us