യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേരുവെട്ടല്‍; കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്

മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്.

അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസിറ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കാനുള്ള നീക്കം. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നാല്‍ വൈഷ്ണ തന്നെയാവും മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുകയായിരുന്നു. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.

സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു.

അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കെഎസ്‌യു രംഗത്തെത്തി.

വൈഷ്ണയെ പോലുള്ള യുവസ്ഥാനാര്‍ത്ഥികളെ സിപിഐഎമ്മിന് ഭയമാണെന്ന് വ്യക്തമായതായും പ്രസ്തുത വിഷയത്തില്‍ നടത്തുന്ന നിയമ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വികസനം ചര്‍ച്ച ചെയ്ത് രാഷ്ട്രീയം പറഞ്ഞ് വോട്ട് നേടാന്‍ കഴിയാതെ വന്ന് കള്ളന്മാരുടെയും കൊള്ളക്കാരുടെയും സംഘമായി മാറിയ സിപിഐഎം പരാജയഭീതി മൂലം ജനാധിപത്യ പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

ഇതിനെതിരെ ശക്തമായ വിധിയെഴുത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടാകും. കെപിസിസി ജനറല്‍ സെക്രട്ടറി കെ എസ് ശബരീനാഥന്റെ നേതൃത്വത്തില്‍ ബഹുദൂരം മുമ്പിലാണ് യുഡിഎഫ് ക്യാമ്പെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

Content Highlights: congress to high court because of the removal from candidate list

To advertise here,contact us