സ്ഥാനാര്‍ത്ഥിയാക്കിയില്ല; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പത്തിയൂര്‍ നിരണത്ത് സി ജയപ്രദീപ് ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്

ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തിയൂര്‍ നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 19ാം വാര്‍ഡില്‍ ജയപ്രദീപ് പ്രചരണം തുടങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കാത്തതിനാല്‍ ബിജെപി നേതാവ് ആത്മഹത്യ ചെയ്തതും മറ്റൊരു പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ വിവാദമാകുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നും സമാന ആരോപണം ഉയരുന്നത്.

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് ആനന്ദ് തിരുമലയെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബിജെപി മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Content Highlights: Congress leader try to death due to denied seat in Local Body Election

To advertise here,contact us