കൊച്ചി: എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറി പി എം ആര്ഷോയ്ക്കെതിരെ പരാതി നല്കിയ എഐഎസ്എഫ് നേതാവ് തദ്ദേശ തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥി. എഐഎസ്എഫ് ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് തദ്ദേശ തെരഞ്ഞെടുപ്പില് ജനവിധി തേടുന്നത്. പറവൂര് ബ്ലോക്കില് കെടാമംഗലം ഡിവിഷനില് നിന്നാണ് നിമിഷ മത്സരിക്കുന്നത്. 2021 ഒക്ടോബറില് സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്ഷത്തിനിടെ ആര്ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി.
നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ എഐഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ എ സഹദ്, അസ്ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്നാണ് സഹദ് ഫേസ്ബുക്കിൽ കുറിച്ചത്. വനിതാ നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് ആ സംഭവത്തിന് ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് താൻ പിന്നീട് സംഘടനയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നും എ എ സഹദ് പറഞ്ഞു.
എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നായിരുന്നു അസ്ലഫ് പാറേക്കാടൻ പറഞ്ഞത്. 'എഐഎസ്എഫ് സംസ്ഥാന സമ്മേളനം അടുത്തു നിൽക്കുന്ന സമയത്താണ് എംജി യൂണിവേഴ്സിറ്റിയിൽ സഹദിന് മർദനം ഏൽക്കുന്നത്. അതറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ചാനൽ ക്യാമറകൾക്കു മുന്നിൽ വ്യാജ ജാതി അധിക്ഷേപ വാർത്ത കൊടുത്ത് ആടിതിമിർക്കുന്ന വനിതാ സഖാവിനെയാണ് കണ്ടത്. അടി കൊണ്ട് കിടക്കുന്ന സഖാക്കളെ തിരിഞ്ഞു നോക്കാതെ കിട്ടുന്ന പബ്ലിസിറ്റി മുഴുവൻ മുതലാക്കി, അടുത്ത സംസ്ഥാന സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് പിഎം ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്നേവരെ ഒരു സമരത്തിൽ മർദനം ഏൽക്കുകയോ കേസിൽ പ്രതിയാകുകയോ എതിരാളികളുടെ മർദനം ഏൽക്കുകയോ ചെയ്യാത്ത ഈ സഖാവിന്റെ വ്യാജ ആരോപണങ്ങൾ, പാർട്ടിക്ക് അകത്തും മുന്നണിയിലും വലിയ ചർച്ചയായി': അസ്ലഫ് പാറേക്കാടൻ പറഞ്ഞിരുന്നു
Content Highlights: Woman leader Nimisha Raju, who filed a complaint against PM Arsho, is an LDF candidate