'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?'; ടി പി സെന്‍കുമാര്‍

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?'

കോഴിക്കോട്: കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് ആനന്ദ് തിരുമല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഡിജിപിയും സംഘപരിവാര്‍ നേതാവുമായ ടിപി സെന്‍കുമാര്‍. ഒരു സീറ്റ് കിട്ടിയില്ലെന്നതിന്റെ പേരില്‍ മരിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോയെന്നുംഅങ്ങനെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന സ്ഥിതി വരെ എത്തുന്നവര്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിയുകയാണ് വേണ്ടിയിരുന്നതെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ഇത്തരം സന്ദര്‍ഭങ്ങളെ ധീരതയോടെ നേരിടുന്നതിന് കഴിയാത്തവര്‍ക്ക് പറ്റിയ മേഖല അല്ല രാഷ്ട്രീയം. മരണം ദുഃഖകരമാണ്. പക്ഷേ ഒരു സീറ്റ് കിട്ടിയില്ല എന്ന പേരില്‍ മരിക്കാന്‍ ശ്രമിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. കുടുംബത്തെ എങ്കിലും ആലോചിക്കണമായിരുന്നു', സെന്‍കുമാര്‍ കുറിച്ചു.

'തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുന്‍കൈ ആണ് അതില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ലഭിക്കാത്തവര്‍ ചിലര്‍ നടത്തിയ ആത്മഹത്യാ ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ജയം ഉറപ്പാണ് എന്ന് തോന്നുന്ന സമയം ആ സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന വിഷമമാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്. പക്ഷേ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാത്രമല്ല ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?

അങ്ങനെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന സ്ഥിതി വരെ എത്തുന്നവര്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിയുകയാണ് വേണ്ടിയിരുന്നത്. കാരണം ഇത്തരം സന്ദര്‍ഭങ്ങളെ ധീരതയോടെ നേരിടുന്നതിന് കഴിയാത്തവര്‍ക്ക് പറ്റിയ മേഖല അല്ല രാഷ്ട്രീയം. മരണം ദുഃഖകരമാണ്. പക്ഷേ ഒരു സീറ്റ് കിട്ടിയില്ല എന്ന പേരില്‍ മരിക്കാന്‍ ശ്രമിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. കുടുംബത്തെ എങ്കിലും ആലോചിക്കണമായിരുന്നു.ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ. അതോടൊപ്പം നേതൃത്വം അര്‍ഹര്‍ക്ക് മാത്രം സീറ്റ് നല്‍കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇത്തവണ തിരുവനന്തപുരത്തെ ജനങ്ങള്‍ വികസനത്തെ, സത്യസന്ധതയെ, സമാധാനത്തെ, നിഷ്പക്ഷതയെ,കഴിവുറ്റ, ബിജെപിയെ ഭൂരിപക്ഷത്തിലെത്തിക്കും'.

ആനന്ദ് തിരുമലയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ആത്മഹത്യ വ്യക്തിപരമാണെന്നും മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. അന്വേഷണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയെങ്കില്‍ താന്‍ 12 പ്രാവശ്യമെങ്കിലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പരിഹാസത്തോടെ പറഞ്ഞു. ഇതു കേട്ട് ഒപ്പമുള്ളവരും ചിരിക്കുന്നുണ്ട്.

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

Content Highlights: tp senkumar's fb post on ananth thirumala's death

To advertise here,contact us