ജീവിതത്തിലും തെരഞ്ഞെടുപ്പിലും ഒന്നിച്ച്: പാലാ നഗരസഭയില്‍ ഭര്‍ത്താവും ഭാര്യയും മത്സരരംഗത്ത്

പാലാ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും ഭാര്യ ബെറ്റിയുമാണ് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാനൊരുങ്ങി ഭാര്യയും ഭര്‍ത്താവും. കോട്ടയം പാലാ നഗരസഭയിലാണ് സംഭവം. പാലാ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും ഭാര്യ ബെറ്റിയുമാണ് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഒന്നാം വാര്‍ഡില്‍ ഭാര്യ ജനവിധി തേടുമ്പോള്‍ ഭര്‍ത്താവ് രണ്ടാംവാര്‍ഡില്‍ നിന്ന് മത്സരിക്കും. എന്നാല്‍ ഇതാദ്യമായല്ല ഇരുവരും ഒന്നിച്ച് നഗരസഭയിലേക്ക് ജനവിധി തേടുന്നത്. ഇരുവരും കൗണ്‍സിലര്‍മാരായിരുന്നു. ബെറ്റി ഷാജു നിരവധി തവണ നഗരസഭാധ്യക്ഷയായിരുന്നിട്ടുണ്ട്. നിരവധി തവണ കൗണ്‍സിലറായിരുന്ന ഷാജു തുരുത്തന്‍ കഴിഞ്ഞ തവണ ഒരുവര്‍ഷത്തേക്ക് ചെയര്‍മാനായിരുന്നു. വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളാണ് ഇരുവരും.

ചെയര്‍മാനായിരുന്ന ഷാജു തുരുത്തനെ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി ധാരണ പ്രകാരം തോമസ് പീറ്ററിനായി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഷാജു തയ്യാറായിരുന്നില്ല. ഈ സമയം പ്രതിപക്ഷമായ യുഡിഎഫ് ചെയര്‍മാനെതിരെ അവിശ്വാസം അവതരിപ്പിച്ചു. അവിശ്വാസം പരാജയപ്പെടുത്തിയശേഷം സ്ഥാനം രാജിവയ്ക്കാമെന്ന് ഷാജു പറഞ്ഞു. എന്നാല്‍ ഇതിനോട് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയും മുന്നണിയും അനുകൂലിച്ചില്ല. അവിശ്വാസത്തിന് മുന്‍പ് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഷാജു അതിന് തയ്യാറായില്ല.

ഇതോടെ സ്വന്തം ചെയര്‍മാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണപക്ഷം പിന്തുണച്ച് വോട്ടുചെയ്തു. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ സമയം ഷാജു തുരുത്തന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അങ്ങനെയാണ് ഷാജു ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്തായത്. അവിശ്വാസപ്രമേയം വിജയിപ്പിക്കാന്‍ യുകെയിലായിരുന്ന സിപിഐ അംഗത്തെ നാട്ടിലെത്തിച്ച് എല്‍ഡിഎഫ് വോട്ടുചെയ്യിപ്പിച്ചതും വിാദമായിരുന്നു. പിന്നീട് ഷാജു തുരുത്തന്‍ പാര്‍ട്ടിക്ക് വിധേയനാകുകയായിരുന്നു.

Content Highlights: Together in life and election: Husband and wife contest in Pala Municipal Council

To advertise here,contact us