ബിജെപിയിലെ ജീവനൊടുക്കല്‍; കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി

കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല ജീവനൊടുക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളെ പല പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. അതിനെല്ലാം ഒരു പരിഹാരം വേണം. ശബരിനാഥ് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ പ്രതിസന്ധിയിലും ശശി തരൂര്‍ പ്രതികരിച്ചു. പ്രചരണത്തിന് ഇറങ്ങിയ കുട്ടിയാണ്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അപ്പീല്‍ പോകും. അപ്പീലില്‍ പ്രതീക്ഷയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

വൈഷ്ണയുടെ പേര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല.

പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും ടെക്നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണുയുടേത്.

Content Highlights: Shashi Tharoor MP demands proper investigation into BJP worker's death

To advertise here,contact us