തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആനന്ദ് തിരുമല ബിജെപി വേദിയില് നില്ക്കുന്നതിന്റെ ചിത്രം പുറത്ത്. പ്രാദേശിക നേതാക്കള്ക്കൊപ്പം സിഎഎ അനുകൂല പരിപാടിയില് ആനന്ദ് പങ്കെടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ആനന്ദ് സമൂഹമാധ്യമത്തില് പങ്കുവെച്ച ചിത്രമാണിത്. 'രാജ്യം സിഎഎയ്ക്ക് ഒപ്പം. ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്', എന്നാണ് കുറിച്ചിരിക്കുന്നത്.
ആനന്ദ് ബിജെപി പ്രവര്ത്തകനാണോ എന്നത് അറിയില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
ആനന്ദ് ബിജെപിയില് പ്രവര്ത്തിച്ചതായി അറിയില്ലെന്ന് കരമന ജയന് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. മരണം ദുഃഖകരവും ദൗര്ഭാഗ്യകരവുമാണെന്ന് കരമന ജയന് പറഞ്ഞു. സ്ഥാനാര്ത്ഥിപ്പട്ടികയില് ആനന്ദ് ഉള്പ്പെട്ടിരുന്നില്ലെന്നും ജയന് പറഞ്ഞു.
'ആദ്യം ആര്എസ്എസ് പ്രവര്ത്തകനായിരുന്നു ആനന്ദ്. ഒരു ചുമതലയിലും ആനന്ദ് ഉണ്ടായിരുന്നില്ല. മണ്ണ് മാഫിയയില്പ്പെട്ടയാളെ ബിജെപി സ്ഥാനാര്ത്ഥിയാക്കിയിട്ടില്ല. വിജയസാധ്യത നോക്കിയാണ് വിനോദ് കുമാറിനെ സ്ഥാനാര്ത്ഥിയാക്കിയത്. മണ്ണ് മാഫിയയില്പ്പെട്ടയാളെ സ്ഥാനാര്ത്ഥിയാക്കാന് മാത്രം മഠയന്മാരല്ല ഞങ്ങള്', കരമന ജയന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില് ആനന്ദിനെ അബോധാവസ്ഥയില് സുഹൃത്തുക്കള് കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ സുഹൃത്തുക്കള് ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബിജെപി നേതാക്കള്ക്കെതിരെ ഗുരുതര ആരോപണങ്ങള് എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.
സ്ഥാനാര്ത്ഥിത്വത്തെ ചൊല്ലിയുള്ള തര്ക്കത്തെത്തുടര്ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില് പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില് തഴഞ്ഞതിനെ തുടര്ന്ന് തൃക്കണ്ണാപുരം വാര്ഡില് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.
സ്വതന്ത്രനായി മത്സരിക്കാന് തീരുമാനിച്ചപ്പോള് ആര്എസ്എസ്, ബിജെപി പ്രവര്ത്തകരില് നിന്ന് വലിയ രീതില് മാനസിക സമ്മര്ദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കള് പോലും തന്നില് നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആര്എസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് തമ്പി കുറിപ്പില് പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആര്എസ്എസ് പ്രവര്ത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പില് പറഞ്ഞു.
ആനന്ദ് തിരുമലയുടെ മരണത്തില് പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പില് പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര് കൃഷ്ണകുമാര്, ആര്എസ്എസിന്റെ നഗര് കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്ക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
Content Highlights: Picture of Anand Thirumala on BJP stage