പത്തനംതിട്ട: സിപിഐയിൽ നിന്നും രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീനാദേവി പാർട്ടി നേതൃത്വത്തോട് ഇടഞ്ഞാണ് രാജിവെച്ചത്. നാളെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ശ്രീനാദേവി കാണും. പിന്നാലെ നാളെ വൈകിട്ട് പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ കയ്യിൽ നിന്നും ശ്രീനാദേവി കോൺഗ്രസ് അംഗത്വം സ്വീകരിക്കും. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.
നവംബർ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടു എന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുന്നു എന്നുമായിരുന്നു ശ്രീനാദേവി രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഒട്ടനവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഏറെക്കാലമായി പാർട്ടി നേതൃത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഇവർ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടായിരുന്നു സിപിഐ കൈക്കൊണ്ടത്.
ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നുമായിരുന്നു സിപിഐയുടെ പ്രതികരണം. ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും സിപിഐ നേതൃത്വം പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു, ചില മാധ്യമങ്ങൾ തന്നെ ഇരയാക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.
Content Highlights: CPI Former leader Sreena Devi Kunjamma will join Congress