മന്ത്രിയും എംപിയുമായിരുന്നപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച നേതാവ്; ബാലകൃഷ്ണപിള്ളയുടെ അപൂര്‍വ കഥ

പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുന്നതിന് മുന്‍പ് വരെ കേരളത്തില്‍ എംഎല്‍എയ്ക്ക് പഞ്ചായത്ത് അംഗമോ പ്രസിഡന്റോ ആയിരിക്കുന്നതിന് തടസമില്ലായിരുന്നു

കൊല്ലം: മന്ത്രിയായിരിക്കുമ്പോഴും എംപിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു എന്ന അപൂര്‍വ്വതയുളള ഒരു നേതാവുണ്ട്. അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപ്പിളളയാണ് ആ അപൂര്‍വ്വതയുടെ ഉടമ. 1964 മുതല്‍ 1987 വരെ കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ബാലകൃഷ്ണപ്പിളള. പത്തനാപുരം എംഎല്‍എ ആയിരിക്കുമ്പോഴാണ് ആദ്യമായി ബാലലകൃഷ്ണപ്പിളള പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗമായത്. അന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്നു. ആ പദവിയില്‍ തുടരുന്നതിനിടെയാണ് 1965-ല്‍ കൊട്ടാരക്കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

1971-ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്കും പോയി. പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കുമ്പോൾ തന്നെ 1975-76-ല്‍ സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തു. 1977-ലും 1980-ലും കൊട്ടാരക്കരയില്‍ നിന്ന് വീണ്ടും നിയമസഭയിലേക്ക് പോയി. 80-കളില്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി. 1982-ല്‍ വീണ്ടും വിജയിച്ചു. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി. 1987-ല്‍ വീണ്ടും ജയിച്ചു. 1988 മുതല്‍ 1995 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി കൈകാര്യം ചെയ്തു.

1990-ല്‍ സ്പീക്കര്‍ നിയമസഭാംഗത്വം റദ്ദാക്കിയെങ്കിലും അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. 1991 മുതല്‍ 1995 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. 1995-ല്‍ വീണ്ടും കൊട്ടാരക്കര പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും യുഡിഎഫിന് ഭരണം കിട്ടിയില്ല. പ്രതിപക്ഷാംഗമായി.1995-ല്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുന്നതിന് മുന്‍പ് വരെ കേരളത്തില്‍ എംഎല്‍എയ്ക്ക് പഞ്ചായത്ത് അംഗമോ പ്രസിഡന്റോ ആയിരിക്കുന്നതിന് തടസമില്ലായിരുന്നു.

Content Highlights: Minister and Panchayat President at same time: The Story of Balakrishna Pillai's Dual Role

To advertise here,contact us