ഇടുക്കി: ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും വെല്ഫെയര് പാര്ട്ടി- യുഡിഎഫ് സഖ്യം. കഴിഞ്ഞ തവണ കോണ്ഗ്രസ് വലിയ ഭൂരിപക്ഷത്തില് വിജയിച്ച വാര്ഡാണ് ഇത്തവണ വെല്ഫെയര് പാര്ട്ടിക്ക് നല്കിയത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാര്ഡിലാണ് വെല്ഫെയര് പാര്ട്ടി സ്ഥാനാര്ത്ഥി സുറുമി മത്സരിക്കുന്നത്. ഇവിടെ 530 വോട്ടിനാണ് കഴിഞ്ഞ തവണ കോണ്ഗ്രസ് വിജയിച്ചത്.
ഇതില് പ്രതിഷേധിച്ച് വാര്ഡില് റിബല് സ്ഥാനാര്ത്ഥിയെ നിര്ത്തിയിരിക്കുകയാണ് കോണ്ഗ്രസ് പ്രാദേശിക നേതാവ്. പ്രാദേശിക നേതാവ് നജീബ് കാഞ്ഞിരപ്പള്ളിയാണ് പങ്കാളി റസീന നജീബിനെ വാര്ഡില് മത്സരിപ്പിക്കാന് ഒരുങ്ങുന്നത്. റസീനയുടെ പേരും പോസ്റ്ററുകളും വാര്ഡില് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര് ഒന്പതിനാണ് നടക്കുക. തിരുവനന്തപുരം മുതല് എറണാകുളം വരെയാണ് ആദ്യഘട്ടത്തില് ഉള്പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര് പതിനൊന്നിനാണ് നടക്കുക. തൃശൂര് മുതല് കാസര്കോട് വരെയാണ് രണ്ടാംഘട്ടത്തില്. വോട്ടെണ്ണല് ഡിസംബര് 13 ന് നടക്കും.
Content Highlights: Local Body Election UDF Welfare party alliance in Kanjirappally