പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില് സിപിഐഎം വിമതരും യുഡിഎഫും തമ്മില് ധാരണ. പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ചിറ്റൂര് ഏരിയാകമ്മിറ്റി അംഗവുമായിരുന്ന എം സതീഷ് നേതൃത്വം നല്കുന്ന മാര്ക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയാണ് യുഡിഎഫുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തിയത്. 19 വാര്ഡുള്ള കൊഴിഞ്ഞാമ്പാറ പഞ്ചായത്തില് 12 സീറ്റില് യുഡിഎഫും ഏഴ് സീറ്റില് യുഡിഎഫ് വിമതരുമാണ് മത്സരിക്കുന്നത്. ഇന്ഡ്യാ മുന്നണിയുടെ മാതൃകയിലാണ് മത്സരം എന്ന് നേതാക്കള് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്ഷമായി എല്ഡിഎഫ് ആണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരിക്കുന്നത്. ഒരുവര്ഷം മുമ്പ് കോണ്ഗ്രസില് നിന്നും സിപിഐഎമ്മിലെത്തിയയാളെ ലോക്കല്കമ്മിറ്റി സെക്രട്ടറിയാക്കിയതാണ് പാര്ട്ടിയിലെ ചേരിതിരിവിന് കാരണമായത്. എം സതീഷിന് പുറമെ ലോക്കല് കമ്മിറ്റി സെക്രട്ടറിയായിരുന്ന വി ശാന്തകുമാര് അടക്കം നാല് പഞ്ചായത്തംഗങ്ങളായിരുന്നു തീരുമാനത്തെ എതിര്ത്തത്.
പാര്ട്ടി മേല്ഘടകങ്ങള്ക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെ വിമത നീക്കം നടക്കുകയായിരുന്നു. പഞ്ചായത്തില് ആകെയുള്ള 18 സീറ്റില് കഴിഞ്ഞതവണ യുഡിഎഫ് എട്ട്, സിപിഎം ഏഴ്, സിപിഐ, ജനതാദള് (എസ്), ബിജെപി എന്നിവര്ക്ക് ഓരോ സീറ്റുവീതവുമാണ് ഉണ്ടായിരുന്നത്. ഇതില് സിപിഐഎമ്മിലെ നാലംഗങ്ങള് വിമതപക്ഷത്താണ്.
Content Highlights: Local Body election CPIM rebels-UDF agreement in Kozhinjampara palakkad