'സ്ഥാനാർത്ഥിയെ നൂലിൽ കെട്ടിയിറക്കി'; കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി, ഡിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു

കോണ്‍ഗ്രസില്‍ പ്രതികരിക്കാന്‍ ആളില്ലാതായെന്നും ബാബുരാജ്

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ വി ബാബുരാജ് രാജിവെച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സ രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും ദീപാ ദാസ് മുന്‍ഷിക്കും ബാബുരാജ് പരാതി നല്‍കിയിട്ടുണ്ട്.

'നാലര വര്‍ഷമായി പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഒരു മുന്‍ ബ്ലോക്ക് പ്രസിഡന്റിനെ വാര്‍ഡ് 65ല്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്‍. കോഴിക്കോട് സിപിഐഎം- കോണ്‍ഗ്രസ് നെക്‌സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോണ്‍ഗ്രസില്‍ പ്രതികരിക്കാന്‍ ആളില്ലാതായി', ബാബുരാജ് പറഞ്ഞു.

എരഞ്ഞിപ്പാലം വാര്‍ഡില്‍ കെപിസിസി മാര്‍ഗരേഖ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് കമ്മറ്റി ആറ് പേരുകള്‍ നല്‍കി. എന്നാല്‍ പരാജയം ഭയപ്പെട്ട് ലിസ്റ്റിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlights: Kozhikode DCC general seceratary resigned from party

To advertise here,contact us