കോഴിക്കോട്: കോണ്ഗ്രസിന്റെ ബ്ലോക്ക് വൈസ് പ്രസിഡന്റ് എല്ഡിഎഫ് സ്ഥാനാര്ത്ഥി. വെള്ളയില് ബ്ലോക്ക് പ്രസിഡന്റായ വില്ഫ്രഡ് രാജാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിക്കുന്നത്. ആര്ജെഡി സ്ഥാനാര്ത്ഥിയായി നടക്കാവില് നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോണ്ഗ്രസ് സ്ഥാനം അദ്ദേഹം രാജിവെച്ചിട്ടില്ല.
നടക്കാവില് സീറ്റ് വിഭജന ചര്ച്ചകള് കോണ്ഗ്രസിന് തലവേദനയാകുകയാണ്. നേരത്തേ നടക്കാവ് കോണ്ഗ്രസ് കൗണ്സിലര് അല്ഫോണ്സ രാജിവെച്ച് ആംആദ്മി പാര്ട്ടിയില് ചേര്ന്നിരുന്നു. യുഡിഎഫിനും എല്ഡിഎഫിനുമെതിരെ ആരോപണങ്ങള് ഉന്നയിച്ചായിരുന്നു അല്ഫോണ്സയുടെ രാജി. 48 വര്ഷം കൊണ്ട് കോഴിക്കോട് കോര്പ്പറേഷന് രണ്ട് മുന്നണികളും ചേര്ന്ന് കട്ടുമുടിക്കുകയാണെന്ന് അല്ഫോണ്സ പറഞ്ഞിരുന്നു. നടക്കാവില് യൂത്ത് കോണ്ഗ്രസ് മുന് ഭാരവാഹി ദനീല് അഹമ്മദ് വിമതനായും ജനവിധി തേടുന്നുണ്ട്.
നടക്കാവിന്റെ തൊട്ടടുത്തുള്ള എരഞ്ഞിപ്പാലത്തും സ്ഥാനാര്ത്ഥി നിര്ണയം അടക്കമുള്ള വിഷയങ്ങള് പൊട്ടിത്തെറിയില് കലാശിച്ചിരുന്നു. സ്ഥാനാര്ത്ഥി നിര്ണയത്തെ ചൊല്ലി ഡിസിസി ജനറല് സെക്രട്ടറി എന് വി ബാബുരാജ് രാജിവെച്ചിരുന്നു. നാലര വര്ഷമായി പാര്ട്ടിയില് യാതൊരു പ്രവര്ത്തനവും നടത്താത്ത ഒരു മുന് ബ്ലോക്ക് പ്രസിഡന്റിനെ വാര്ഡ് 65ല് നൂലില് കെട്ടി സ്ഥാനാര്ത്ഥിയാക്കിയിരിക്കുകയാണെന്ന് ബാബുരാജ് ആരോപിച്ചിരുന്നു. പാര്ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്. കോഴിക്കോട് സിപിഐഎം-കോണ്ഗ്രസ് നെക്സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോണ്ഗ്രസില് പ്രതികരിക്കാന് ആളില്ലാതായെന്നും ബാബുരാജ് പറഞ്ഞിരുന്നു.
Content Highlights- Congress block vice president will contest as ldf candidate in nadakkavu