ട്വന്റി-20 മുൻ പഞ്ചായത്ത് പ്രസിഡന്റ് നിതാ മോൾ എൽഡിഎഫ് സ്ഥാനാർത്ഥി; കോലഞ്ചേരി ഡിവിഷനിൽ നിന്ന് ജനവിധി തേടും

കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു നിതാ മോൾ

കൊച്ചി: ട്വന്റി- 20 മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിതാ മോൾ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്നാണ് നിതാ മോൾ ജനവിധി തേടുക. കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റാണ് നിതാ മോൾ. അടുത്തിടെയാണ് നിതാ മോൾ ട്വന്റി- 20ൽ നിന്ന് രാജിവെച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് തലവേദനയായി ചെല്ലാനം പഞ്ചായത്തില്‍ രൂപപ്പെട്ട കൂട്ടായ്മയാണ് ട്വന്റി-20. അന്ന് ആകെയുള്ള 21 സീറ്റുകളില്‍ എട്ടും നേടിക്കൊണ്ട് ട്വന്റി-20 മുന്നേറിയിരുന്നു. പക്ഷെ, അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അന്നത്തെ രാഷ്ട്രീയ കക്ഷികളെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഘടന ഏറെക്കുറെ ഇല്ലാതായ മട്ടാണ്.

അതേസമയം ഇത്തവണ ചെല്ലാനം പഞ്ചായത്തില്‍ ട്വന്റി-20 മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഗൗരവത്തിലെടുക്കാതെ തള്ളിക്കളഞ്ഞ സംഘടനയാണ് ട്വന്റി-20. കൊവിഡ് കാലത്ത് നാട്ടില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പായി തുടങ്ങിയ സംഘടന പിന്നീട് രാഷ്ട്രീയത്തിലേക്കും കാലെടുത്തുവെയ്ക്കുകയായിരുന്നു. എന്നാൽ പിൽക്കാലത്ത് ഉടലെടുത്ത പ്രശ്നങ്ങൾ കാരണം പലരും പാർട്ടി വിട്ടു.

Content Highlight; Nita Mol is preparing to leave Twenty20 politics and join the LDF

To advertise here,contact us