ആദ്യം ഇടത് പിന്നീട് വലത് ഇപ്പോള്‍ ബിജെപി; പാർട്ടികൾമാറിമറിഞ്ഞ് സലീം, മത്സരിക്കാൻ ഇത്തവണയും രംഗത്ത്

തോട്ടം മേഖലയിലെ ഏതെങ്കിലുമൊരു വാർഡിൽ ബിജെപി സ്ഥാനാർഥിയായി സലീം മത്സരരംഗത്തുണ്ടാകും

തെന്മല: ആദ്യം സിപിഐഎമ്മിൽ പിന്നീട് യുഡിഎഫിൽ ശേഷം ബിജെപിയിൽ, പാർട്ടികൾ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്പഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സലീം ബിജെപിക്കൊപ്പമാണ്.

ഏതു വാർഡിലാണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തോട്ടം മേഖലയിലെ ഏതെങ്കിലുമൊരു വാർഡിൽ ബിജെപി സ്ഥാനാർഥിയായി സലീം മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. അത്രയും തിളക്കമാണ് സലീമിന്റെ ഓരോ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും. നിലവിൽ ബിജെപി സംസ്ഥാനസമിതി അംഗമാണ് സലീം.

സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. 1989ൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നതകളെത്തുടർന്ന് സലീം സിപിഐഎമ്മിൽനിന്നു രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. 2010ൽ സലീമിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു. എന്നാൽ 2015ൽ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 2017ൽ ബിജെപിക്കൊപ്പം കൂടി. 2018ൽ ബിജെപി സംസ്ഥാനസമിതി അംഗമാകുകയും ചെയ്തു. എന്നാൽ 2021 ഡിസംബറിൽ വീണ്ടും സിപിഐഎമ്മിലേക്ക് തിരികെപ്പോയി. ആ വർഷം സിപിഐഎം സ്ഥാനാത്ഥിയായി കഴുതുരുട്ടി വാർഡിൽനിന്ന് വിജയിച്ചപ്പോൾ ഇനി മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം പുനലൂർ ഏരിയ സമ്മേളനവേദിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്ത ചടങ്ങിലാണ് സലീം പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.

അവിടം കൊണ്ടും തീർന്നില്ല. 2022 ജൂലായിൽ സിപിഐഎമ്മിൽനിന്നും ബിജെപിയിലേക്ക് വീണ്ടും വന്നു. 2023 മാർച്ചിൽ ഡിഎംകെയിലേക്ക് ചുവടുമാറ്റം. സലീമിന്‍റെ ചുവടുമാറ്റം അവിടെയും തീർന്നില്ല , മാസങ്ങൾക്കുമുൻപ് ഡിഎംകെയിൽനിന്ന് ബിജെപിയിലേക്ക് വീണ്ടുമെത്തി. ഇത്തവണ ബിജെപിക്ക് വേണ്ടി ശക്തമായ പേരാട്ടത്തിലാണ് സലീം. വാർഡിൽ സജീവപ്രവർത്തനത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Content Highlights: mambazhathara salim will contest with bjp

To advertise here,contact us