മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ടേക്ക് പോകുന്നു: കെ മുരളീധരന്‍

ഡിജിപി ആയിരുന്ന സമയത്ത് എല്ലാവരെയും ഗെറ്റ് ഔട്ട് അടിച്ചവരാണ് ശ്രീലേഖയെന്നും കെ മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ മുന്‍നിര്‍ത്തിയാണ് മുരളീധരന്റെ പരിഹാസം.

എതിരാളികളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എതിരാളികളെ ഇത്രയും ഭയപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ടോ. സ്വര്‍ണ്ണം മുതല്‍ കിണ്ടി വരെ അടിച്ചുമാറ്റിയ ആളാണ് വാസു. വാസു കള്ളനാണ് എന്ന് പറഞ്ഞാല്‍ പകുതി താനല്ലേ കൊണ്ടുപോയതെന്ന് കടകംപള്ളിയോട് തിരിച്ചു ചോദിക്കും. പി എം ശ്രീ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഡിജിപി ആയിരുന്ന സമയത്ത് എല്ലാവരെയും ഗെറ്റ് ഔട്ട് അടിച്ചവരാണ് ശ്രീലേഖ. അവരെ മേയറാക്കിയാല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഗെറ്റ് ഔട്ട് അടിക്കും. മൂന്ന് ആശമാരെയാണ് യുഡിഎഫ് മത്സരത്തിന് ഇറക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കരണക്കുറ്റിക്കുള്ള അടിയാണതെന്നും കെ മുരളീധരന്‍ പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് പരിഗണനയിലെന്നാണ് വിവരം. പാര്‍ട്ടി അനുമതി നല്‍കിയാല്‍ ആര്യയുടെ താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും കോഴിക്കോട്ടേക്ക് മാറ്റുന്നത് സജീവമായി പരിഗണനയിലുണ്ട്. ജീവിതപങ്കാളിയായ ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവ് കോഴിക്കോട്ടും മേയറായ ആര്യ തിരുവനന്തപുരത്തുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം മേയര്‍ എന്നനിലയില്‍ ആര്യയുടെ ചുമതല അവസാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്യ മത്സരരംഗത്തില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ സച്ചിന് മണ്ഡലത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

Content Highlights: Local Body election K Muraleedharan mocks arya rajendran

To advertise here,contact us