റെഡിയാക്കാമെന്ന് പറഞ്ഞ് പിടിച്ചുനിര്‍ത്തി,ഭാര്യയ്ക്ക് സീറ്റില്ല;പാർട്ടി പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ച് അനസ്

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 26ാം വാര്‍ഡില്‍ ഭാര്യ ബീമയ്ക്കായി സീറ്റ് ആവശ്യപ്പെട്ടിരുന്നു

കോട്ടയം: കോട്ടയം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 26ാം വാര്‍ഡില്‍ ഭാര്യ ബീമ അനസിന് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വാഗ്ദാനം ചെയ്ത് ഒടുവില്‍ മത്സരിക്കേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു.

'20 ദിവസത്തിന് മുകളിലായി സീറ്റ് തരാമെന്ന് നിരന്തരം പറയുന്നുണ്ട്. ഇന്നലെ ലോക്കല്‍ സെക്രട്ടറി വിളിച്ച് സീറ്റ് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. റെഡിയാവുമെന്ന് പറഞ്ഞ് ഇതുവരെ പിടിച്ചുനിര്‍ത്തി', അനസ് പാറയില്‍ പറഞ്ഞു. ഡിവിഷനില്‍ ഭാര്യയെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്നും അനസ് അറിയിച്ചു. നിലവില്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇന്നുമുതലാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതല്‍ പത്രിക സമര്‍പ്പിക്കാനാകും. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ പ്രവേശനമുള്ളത്. ഈ മാസം 21 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24വരെ പത്രിക പിന്‍വലിക്കാം.

Content Highlights: Local Body election Anas Parayil Erattupetta Resigns From cpim Posts

To advertise here,contact us