കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യമായി മുസ്‌ലീം ലീഗിന് സീറ്റ്; തീരുമാനം യുഡിഎഫ് നേതൃയോഗത്തില്‍

ഏത് സീറ്റാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്

കോട്ടയം: കോട്ടയത്ത് മുസ്‌ലീം ലീഗിന് ജില്ലാ പഞ്ചായത്ത് സീറ്റ്. ഇതാദ്യമായാണ് ലീഗിന് കോട്ടയം ജില്ലയില്‍ സീറ്റ് നല്‍കുന്നത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഏത് സീറ്റാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് ദിവസത്തിനുളളില്‍ ലീഗ് ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിക്കും.

ആകെ 23 സീറ്റുകളുളള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനാല് സീറ്റിലും കേരളാ കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്‌ലീം ലീഗ് ഒരു സീറ്റിലുമാണ് മത്സരിക്കുക. സീറ്റുകള്‍ വെച്ചുമാറുന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. ആദ്യമായാണ് ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്ത് മത്സരിക്കാന്‍ സീറ്റ് നല്‍കുന്നത്. സീറ്റിനായി മുസ്‌ലീം ലീഗ് നേരത്തെ സമ്മര്‍ദം ശക്തമാക്കിയിരുന്നു.

അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ഫാത്തിമ തഹ്ലിയ, ടി പി എം ജിഷാന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി. മുഖദാറില്‍ സമവായ സ്ഥാനാര്‍ത്ഥിയായാണ് ജിഷാനെ പരിഗണിച്ചത്. ഫാത്തിമ തഹ്ലിയ കുറ്റിച്ചിറയില്‍ നിന്നാണ് മത്സരിക്കുക. പന്നിയങ്കരയിലും പയ്യാനക്കലും മൂന്നാലിങ്കലും വിമത ഭീഷണിക്ക് വഴങ്ങാതെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

Content Highlights: First seat for Muslim League in Kottayam District Panchayat

To advertise here,contact us