മുണ്ടക്കൈ ദുരന്തത്തിൽപെട്ടവർക്ക് ആശ്വാസമായ ആശാപ്രവർത്തക; ഷൈജ ബേബി അട്ടമലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി

കുടുംബശ്രീ പ്രവര്‍ത്തകയായും ചൈല്‍ഡ് ലൈന്‍ വോളന്റിയറായും എല്ലാം ഷൈജ മുണ്ടക്കൈയിലുണ്ട്

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവരും അതിന്റെ ആഘാതമേറ്റവരും ഒരിക്കലും മറക്കാത്ത പേരാണ് ഷൈജ ബേബി എന്നത്. ഒരു നാട് ഒന്നാകെ ഒലിച്ച് പോയപ്പോളും ആത്മവിശ്വാസത്തോടെ അവിടുത്തെ ജനങ്ങളെ ചേര്‍ത്ത് പിടിച്ചിരുന്നു ഷൈജ. അതേ ആത്മവിശ്വാസം മുറുകെ പിടിച്ച് തന്നെയാണ് ഷൈജ ബേബി മേപ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡായ അട്ടമലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2015 മുതല്‍ അഞ്ച് വര്‍ഷം മുണ്ടക്കൈ വാര്‍ഡംഗമായും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച ആളാണ് ഷൈജ. 17 വര്‍ഷമായി ആശാ വര്‍ക്കറായും ഷൈജ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് മുണ്ടക്കൈയിലെ ആളുകള്‍ക്ക് സുപരിചിതയാണ് ഷൈജ. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകയായും ചൈല്‍ഡ് ലൈന്‍ വോളന്റിയറായും എല്ലാം ഷൈജ മുണ്ടക്കൈയിലുണ്ട്.

മേപ്പാടിയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായ ദിവസം മുതല്‍ തുടര്‍ച്ചയായി 11 ദിവസങ്ങളാണ് ഷൈജ മോര്‍ച്ചറിയില്‍ പ്രവര്‍ത്തിച്ചത്. തന്റെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിരല്‍ തുമ്പ് കണ്ട് പോലും തിരിച്ചറിഞ്ഞും, അവ ഏറ്റുവാങ്ങിയും ഷൈജ അവിടെയുണ്ടായിരുന്നു. ദുരന്തമുണ്ടാക്കിയ ആഘാതത്തില്‍ ഉറ്റവരുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ നിസ്സഹായരായി നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഷൈജ മോര്‍ച്ചറിക്ക് മുന്നില്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ ഒന്‍പത് പേരെ ഉരുളെടുത്തപ്പോഴും പതറാതെ നാടിനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ഷൈജയ്ക്ക് കഴിഞ്ഞിരുന്നു. ഷൈജ നാടിന് വേണ്ടി ചെയ്ത പ്രവര്‍ത്തികള്‍ക്ക് ബഹുമതിയായി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'കേരളശ്രീ' ഷൈജയെ തേടിയെത്തിയിരുന്നു.

2019-ലെ പുത്തുമല ദുരന്തത്തിന്റെ സമയത്തും 2020-ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സമയത്തും ഷൈജ ജനപ്രതിനിധിയായിരുന്നു. പ്രിയപ്പെട്ട പലരും ഇന്ന് കൂടെയില്ല പക്ഷെ അവരുടെ ഓര്‍മകള്‍ കൂടെയുണ്ട്. അതാണ് പ്രചോദനമെന്ന് ഷൈജ പറഞ്ഞിരുന്നു.

Content Highlight; Shaija Baby is contesting as a candidate in Attamala for the local body elections

To advertise here,contact us