കോട്ടയം നഗരസഭയിലേക്ക് മത്സരിക്കാന്‍ ലതികാ സുഭാഷ്; തിരുനക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും

നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന വാർഡിലാണ് മുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ നിന്നുള്ള നേതാവിനെ മത്സരിപ്പിക്കുന്നത്

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. കോട്ടയം നഗരസഭയിലേക്കാണ് ലതിക സുഭാഷ് മത്സരിക്കുന്നത്. തിരുനക്കരയിൽ 48-ാം ഡിവിഷനിൽ നിന്നാണ് ലതികാ സുഭാഷ് ജനവിധി തേടുക.

നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന വാർഡിലാണ് മുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ നിന്നുള്ള നേതാവിനെ മത്സരിപ്പിക്കുന്നത്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതിക കോൺഗ്രസുമായി അകന്നത്.

അന്ന് തലമുണ്ഡനം ചെയ്ത് ലതിക പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് ഇവരെ നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും ലതിക തോറ്റു. പിന്നാലെ ഇവർ എൻസിപിയിൽ ചേരുകയായിരുന്നു.

Content Highlights: Former Mahila Congress state president Lathika Subhash to contest as LDF candidate in local body elections

To advertise here,contact us