തിരുവനന്തപുരം: സര്ക്കാര് അനുമതിയില്ലാതെ പ്രവര്ത്തിക്കുന്ന ഓണ്ലൈന് ടാക്സികളായ ഒല, ഊബര് എന്നിവയ്ക്കെതിരെ നടപടിയെടുക്കാന് മോട്ടോര് വാഹന വകുപ്പ്. നടപടി സ്വീകരിക്കുന്നതിനായി നിയമോപദേശം സ്വീകരിച്ചതായി ട്രാന്സ്പോര്ട്ട് കമ്മീഷണര് നാഗരാജു ചകിലം പറഞ്ഞു. ഊബറിനും ഒലയ്ക്കും കാരണം കാണിക്കല് നോട്ടീസ് നല്കാനാണ് മോട്ടോര് വാഹന വകുപ്പിന്റെ തീരുമാനം.
സംസ്ഥാന സര്ക്കാര് 2024-ല് ഓണ്ലൈന് അഗ്രിഗേറ്റര് നയമുണ്ടാക്കിയിരുന്നെങ്കിലും വേറൊരു കമ്പനി മാത്രമാണ് ഇതിനായി അപേക്ഷിച്ചിട്ടുള്ളത്. ബൈക്ക് ടാക്സിക്ക് വേണ്ടിയാണ് കമ്പനി അപേക്ഷ നല്കിയിരുന്നത്. എന്നാല് ഇതിന്റെ രജിസ്ട്രേഷനും പൂര്ത്തിയായിട്ടില്ല. ആവശ്യമായ രേഖകള് നല്കാത്തതാണ് കാരണം എന്നാണ് വിവരം.
സ്ഥാപനത്തിന് അംഗീകാരം ലഭിക്കണമെങ്കില് കോള്സെന്ററും ഓഫീസും ഉള്പ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാല് നിലവില് ഓണ്ലൈന് സേവനദാതാക്കള് ഇതുവരെ കേരളത്തില് ഇത്തരം സംവിധാനം കൊണ്ടുവന്നിട്ടില്ലെന്നാണ് മോട്ടോര് വകുപ്പ് വ്യക്തമാക്കുന്നത്. പല സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാര് മാത്രമാണുള്ളത്. ടാക്സി വാഹനങ്ങള് ഓണ്ലൈനിലൂടെ ലഭ്യമാക്കുകയാണ് ഇവര് ചെയ്യുന്നത്.
കേന്ദ്ര സര്ക്കാരിന്റെ നിബന്ധന പ്രകാരം എല്ലാ ഓണ്ലൈന് ടാക്സികളും സര്ക്കാരില് രജിസ്റ്റര് ചെയ്യേണ്ടതുണ്ട്. കേന്ദ്രം 2020-ല് ഇതുമായി ബന്ധപ്പെട്ട നയമുണ്ടാക്കിയെങ്കിലും കേരള സര്ക്കാര് 2024ലാണ് നയം തയ്യാറാക്കിയത്. കേന്ദ്രം ഈ വര്ഷവും നയം പുതുക്കിയെങ്കിലും കേരളം നയം പരിഷ്കരിച്ചിട്ടില്ല. ഈ സാഹചര്യത്തില് നിയമനടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് നിയമോപദേശം.
Content Highlight; Kerala MVD to act against Uber and Ola for operating without government approval