കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ സിപിഐഎം സ്ഥാനാര്‍ത്ഥി; കോട്ടൂര്‍ വാര്‍ഡില്‍ നിന്ന് ജനവിധി തേടും

പി പി ദിവ്യയ്ക്കെതിരായ കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ സിപിഐഎം സ്ഥാനാര്‍ത്ഥി. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്‌നകുമാര്‍ ജനവിധി തേടുക. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രത്‌നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം അതൃപ്തി വ്യക്തമാക്കിയിരുന്നു.

കേസില്‍ പി പി ദിവ്യയ്ക്ക് അനുകൂലമായ ഇടപെടലുകള്‍ പൊലീസ് നടത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അതിനിടെയാണ് സിപിഐഎം ടി കെ രത്‌നകുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ് കോട്ടൂര്‍. താന്‍ സിപിഐഎം സഹയാത്രികനാണെന്നും പാര്‍ട്ടി നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് രത്‌നകുമാര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി കെ രത്നകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് രംഗത്തെത്തി. പൊലീസിനെ രാഷ്ട്രീയവൽകരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്നകുമാറിന്റെ സ്ഥാനാർത്ഥിത്വമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. വിരമിച്ച് രണ്ട് മാസത്തിനുളളിൽ സിപിഐഎം സ്ഥാനാർത്ഥി എന്നതിൽ തന്നെ എല്ലാമുണ്ടെന്നും പ്രതിപക്ഷത്തിന്റെ മുഴുവൻ ആരോപണങ്ങളും ശരിയായെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ നവീൻ ബാബു വിഷയം ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Kannur ex-ACP TK Ratnakumar CPIM candidate: to contest from kottoor ward

To advertise here,contact us