കാനം പോലും നാടകമെന്ന് എഴുതി തള്ളി; ആർഷോക്കെതിരായ AISF മുൻ വനിതാ നേതാവിന്റെ ആരോപണം കള്ളമെന്ന് വെളിപ്പെടുത്തൽ

'ആര്‍ഷോക്കെതിരെ വ്യാജ വാര്‍ത്തയുണ്ടാക്കി സ്റ്റാറാകാന്‍ നോക്കിയ വനിതാ സഖാവ് ഉന്നംവെച്ചത് സംസ്ഥാന ഭാരവാഹിത്വം'

കൊച്ചി: എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ എഐഎസ്എഫ് മുൻ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് എഐഎസ്എഫ് മുൻ നേതാക്കൾ. എഐഎസ്എഫ് മുൻ നേതാക്കളായ എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്ന് എ എ സഹദ് ഫേസ്ബുക്കിൽ കുറിച്ചു. വനിതാ നേതാവ് നടത്തിയത് നാറിയ നാടകണമാണെന്ന് ആ സംഭവത്തിന് ശേഷം കഴിഞ്ഞ് നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും എന്നാൽ സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് താൻ പിന്നീട് സംഘടനയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നും എ എ സഹദ് പറയുന്നു.

രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ച്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യനാണ് ആർഷോ. ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ ആർഷോക്കെതിരായ ബിജെപി അക്രമത്തിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണെന്നും സഹദ് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പിഎം ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അസ്‌ലഫ് പാറേക്കാടനും പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന സമ്മേളനം അടുത്തു നിൽക്കുന്ന സമയത്താണ് എംജി യൂണിവേഴ്‌സിറ്റിയിൽ സഹദിന് മർദനം ഏൽക്കുന്നത്. അത് അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ചാനൽ ക്യാമറകൾക്കു മുന്നിൽ വ്യാജ ജാതി അധിക്ഷേപ വാർത്ത കൊടുത്ത് ആടിതിമിർക്കുന്ന വനിതാ സഖാവിനെയാണ് കണ്ടത്. അടി കൊണ്ട് കിടക്കുന്ന സഖാക്കളെ തിരിഞ്ഞു നോക്കാതെ കിട്ടുന്ന പബ്ലിസിറ്റി മുഴുവൻ മുതലാക്കി, അടുത്ത സംസ്ഥാന സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് പിഎം ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്നേവരെ ഒരു സമരത്തിൽ മർദനം ഏൽക്കുകയോ കേസിൽ പ്രതിയാകുകയോ എതിരാളികളുടെ മർദനം ഏൽക്കുകയോ ചെയ്യാത്ത ഈ സഖാവിന്റെ വ്യാജ ആരോപണങ്ങൾ, പാർട്ടിക്ക് അകത്തും മുന്നണിയിലും വലിയ ചർച്ചയായെന്ന് അസ്‌ലഫ് പാറേക്കാടൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു..

ഈ വിഷയം കാനം രാജേന്ദ്രൻ തന്നെ നേരിട്ട് പരിശോധിക്കുകയും വനിതാ സഖാവ് വ്യാജ വാർത്തയുണ്ടാക്കി 'സ്റ്റാർ' ആകാൻ നോക്കിയതാണ് എന്ന് കണ്ടെത്തി പരാതികാരിയോട് വ്യാജ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിനു തയ്യാറായില്ല. കിട്ടിയ പബ്ലിസിറ്റി മുതലാക്കി എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാൻ ഉറപ്പിച്ച അവർ ചാനൽ ചർച്ചകളിൽ പോയി സഹോദര സംഘടനയിൽപെട്ട ഒരു ചെറുപ്പക്കാരനെ വ്യക്തിഹത്യ നടത്തി ഇടതുവിരുദ്ധരുടെ കയ്യടി വാങ്ങികൂട്ടി. പക്ഷെ കാലത്തിന്റെ കാവ്യാനീതി എന്ന പോലെ പിന്നീട് നടന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ തന്നെ നേരിട്ട് ഇടപെട്ടു. വ്യാജപരാതിക്കാരിയെ സംഘടനയിൽ നിന്നും ഒഴിവാക്കി. പിൽകാലത്ത് പി എം ആർഷോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായെന്ന് അസ്‌ലഫ് പറേക്കാടൻ പറഞ്ഞു.

വ്യാജ പരാതിക്കാരിയായ വനിതാ നേതാവിന് കാമറ മാനിയ ആണ്. എഐഎസ്എഫിന്റെ ധീരയായ വനിതാ നേതാവ് എന്ന ടാഗ് ലൈൻ സ്വയം ചാർത്തി വാർത്തയിൽ നിറഞ്ഞുനിൽക്കാനാണ് ഇവർ ശ്രമിച്ചത്. ഈ സഖാവിന്റെ വെട്ടുകിളി സംഘം സോഷ്യൽ മീഡിയ വഴി കൊടുത്ത ഫേക്ക് സമരപ്പോരാളി ഇമേജ് ഉപയോഗിച്ച് എഐഎസ്എഫിന്റെ സംസ്ഥാന സഹഭാരവാഹിവരെയായി. എന്നും ജാതി ഉയർത്തി പറഞ്ഞും ജാതി കാർഡ് ഇറക്കിയും പാർട്ടിക്ക് അകത്തുപോലും സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിലക്കുനിർത്താൻ ബഹുമിടുക്കിയായിരുന്നു ഈ വ്യാജപരാതിക്കാരി. ഒരിക്കൽ എഐഎസ്എഫ് ലോ കോളേജ് യൂണിറ്റ് മീറ്റിംഗ് കൂടുന്ന വേളയിൽ ഒരു സഖാവിന്റെ കരണക്കുറ്റി അടിച്ചു പൊളിച്ച വനിതാ സഖാവ് അയാളോട് ''നിനക്ക് പറ്റുമെങ്കിൽ പോയി കേസ് കൊടുക്ക്. നീ കൊടുക്കുന്ന കേസ് ആണോ ഞാൻ കൊടുക്കുന്ന കേസ് ആണോ നിലനിൽക്കുന്നെ എന്ന് നമുക്ക് നോക്കാം' എന്നാണ് പറഞ്ഞത്. ഈ വിഷയം അറിഞ്ഞപ്പോൾ പരാതിപ്പെടാൻ ''അടികൊണ്ട സഖാവിനോട് ''ആവശ്യപ്പെട്ടെങ്കിലും വനിതാ സഖാവ് ജാതി അധിക്ഷേപത്തിന് പരാതികൊടുക്കും എന്ന് ഭീഷണിപ്പെടുത്തി അതുകൊണ്ട് ഒന്നിനുമില്ല എന്നാണ് ആ പാവം പേടിച്ചു പറഞ്ഞതെന്നും അസ്‌ലഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്ത

എ എ സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്….

രാഷ്ട്രീയ പ്രവർത്തനത്തിൽ പലവിധ ഓഡിറ്റിങിനും നേതാക്കൾ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ. എന്നാൽ, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യാ…. പ്രിയ സഖാവേ ആർഷോ….. ലാൽസലാംപറയാതെ വയ്യ.

എം ജി യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്‌ഐഎഐഎസ്എഫ് സംഘട്ടനത്തിൽ അന്നത്തെ എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിഎം ആർഷോ ക്കെതിരെ വനിത നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമായിരുന്നു. വനിത നേതാവിന്റെ വ്യക്തി വിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. അന്നത്തെ എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗവും അന്ന് മർദ്ദനം ഏൽക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സ: കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ, സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാൻ എഐഎസ്എഫ് സംസ്ഥാന കൗൺസിലിൽ നിന്നും രാജി വെച്ചത്. ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ല. ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തിൽ ആർഷോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണ്.

അഡ്വ അസ്‌ലഫ് പറേക്കാടന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

ഒരു കഥൈ സൊല്ലട്ടുമാ….എന്റെ എഐഎസ്എഫ് കാലഘട്ടം,ഒരു വനിത സഖാവ് എഐഎസ്എഫിൽ വന്നപ്പോൾ മുതൽ ക്യാമറമാനിയ എന്ന പ്രത്യേക രോഗവസ്ഥയിൽ ഉള്ളയാളാണ്??.ഞാൻ ആദ്യമായി ഈ പറഞ്ഞ വ്യാജപരാതിക്കാരിയായ സഖാവിനെ ശ്രദ്ധിക്കുന്നത് വർഷങ്ങൾക്ക് മുൻപ് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി ഒരു ഡിഇഒ ഓഫീസ് മാർച്ച് നടക്കുമ്പോളാണ്. സാധാരണ എല്ലാ വർഷവും എഐഎസ്എഫ് നടത്തുന്ന മാർച്ച് തികച്ചും സമാധാനപരമായാണ് നടക്കാറുള്ളത്. പക്ഷെ ,അന്നു നടന്ന മാർച്ചിൽ ഒരു പെൺകുട്ടി ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിക്കുകയും പോലീസിന് നേരെ ആക്രോഷിക്കുന്നത് കണ്ടാണ് ഇവരെ ശ്രദ്ധിക്കുന്നത്. പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയപ്പോൾ വവ്വാല് കണക്കെ ഡോറിൽ തൂങ്ങി കിടന്നു മുദ്രാവാക്യം വിളിച്ചു ''ഷോ'' കാണിച്ച വനിതാ സഖാവിന്റെ ചിത്രം പിറ്റേന്ന് കേരളത്തിലെ പത്രങ്ങളിലെ മുഖ്യവാർത്തയായി വന്നു.

പിന്നീട് അങ്ങോട്ട് എഐഎസ്എഫ് ന്റെ ധീരയായ നേതാവ് എന്ന ടാഗ്‌ലൈൻ സ്വയംചാർത്തി വാർത്തയിൽ നിറഞ്ഞു നിൽക്കാൻ ഈ സഖാവ് ബോധപൂർവം ശ്രമിച്ചിരുന്നു. ഈ സഖാവിന്റെ വെട്ടുകിളി സംഘം സോഷ്യൽ മീഡിയ വഴി കൊടുത്ത ഫേക്ക് സമരപ്പോരാളി ഇമേജ് ഉപയോഗിച്ച് എഐഎസ്എഫ് ന്റെ സംസ്ഥാന സഹഭാരവാഹിവരെയായി. എന്നും ജാതി ഉയർത്തി പറഞ്ഞും ജാതി കാർഡ് ഇറക്കിയും പാർട്ടിക്ക് അകത്തുപോലും സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിലക്കുനിർത്താൻ ബഹുമിടുക്കിയായിരുന്നു ഈ വ്യാജപരാതിക്കാരി സഖാവ്. എന്റെ ലോകോളേജ് കാലഘട്ടത്തിൽ കെഎസ്‌യു കാരനായിരുന്ന ലോ കോളേജിലെ ഒരു സുഹൃത്തിനെ ഞാൻ എഐഎസ്എഫിൽ ചേർക്കുകയും അയാൾ പാർട്ടിയിൽ സജീവ പ്രവർത്തകനായി മാറുകയുമുണ്ടായി.

ഒരിക്കൽ എഐഎസ്എഫ് ലോ കോളേജ് യൂണിറ്റ് മീറ്റിംഗ് കൂടുന്ന വേളയിൽ ഈ പറഞ്ഞ സഖാവിന്റെ കരണകുറ്റി അടിച്ചു പൊളിച്ച വനിതാ സഖാവ് അയാളോട് ''നിനക്ക് പറ്റുമെങ്കിൽ പോയി കേസ് കൊടുക്ക്. നീ കൊടുക്കുന്ന കേസ് ആണോ ഞാൻ കൊടുക്കുന്ന കേസ് ആണോ നിലനിൽക്കുന്നെ എന്ന് നമുക്ക് നോകാം' എന്നാണ് പറഞ്ഞത്. ഈ വിഷയം അറിഞ്ഞപ്പോൾ ഞങ്ങൾ കുറഞ്ഞത് കോളേജിലോ സംഘടനയിലോ പരാതിപ്പെടാൻ ''അടികൊണ്ട സഖാവിനോട് ''ആവശ്യപ്പെട്ടെങ്കിലും വനിതാ സഖാവ് ജാതി അധിക്ഷേപത്തിന് പരാതികൊടുക്കും എന്ന് ഭീഷണിപെടുത്തി അതുകൊണ്ട് ഒന്നിനുമില്ല എന്നാണ് ആ പാവം പേടിച്ചു പറഞ്ഞത്.എഐഎസ്എഫ് സംസ്ഥാന സമ്മേളനം അടുത്തു നിൽക്കുന്ന സമയത്താണ് എംജി യൂണിവേഴ്‌സിറ്റിയിൽ സഹദിന് മർദനം ഏൽക്കുന്നത്. അത് അറിഞ്ഞു കോട്ടയം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ കണ്ടത് ചാനൽ ക്യാമറകൾക്കു മുന്നിൽ വ്യാജ ജാതി അധിക്ഷേപ വാർത്ത കൊടുത്ത് ആടിത്തിമിർക്കുന്ന വനിതാ സഖാവിനെയാണ്. അടി കൊണ്ട് കിടക്കുന്ന സഖാക്കളെ തിരിഞ്ഞു നോക്കാതെ കിട്ടുന്ന പബ്ലിസിറ്റി മുഴുവൻ മുതലാക്കി, അടുത്ത സംസ്ഥാന സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്നേവരെ ഒരു സമരത്തിൽ മർദനം ഏൽകുകയോ, കേസിൽ പ്രതിയാകുകയോ, എതിരാളികളുടെ മർദനം ഏൽകുകയോ ചെയ്യാത്ത ഈ സഖാവിന്റെ വ്യാജ ആരോപണങ്ങൾ, പാർട്ടിക്ക് അകത്തും മുന്നണിയിലും വലിയ ചർച്ചയായി. ഈ വിഷയം അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നേരിട്ട് പരിശോധിക്കുകയും വനിതാ സഖാവ് വ്യാജ വാർത്തയുണ്ടാക്കി 'സ്റ്റാർ'ആകാൻ നോക്കിയതാണ് എന്ന് കണ്ടെത്തി പരാതിക്കാരിയോട് വ്യാജ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിനു തയ്യാറായില്ല.

കിട്ടിയ പബ്ലിസിറ്റി മുതലാക്കി എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാൻ ഉറപ്പിച്ച അവർ ചാനൽ ചർച്ചകളിൽ പോയി സഹോദര സംഘടനയിൽപെട്ട ഒരു ചെറുപ്പക്കാരനെ വ്യക്തിഹത്യ നടത്തി ഇടതുവിരുദ്ധരുടെ കയ്യടി വാങ്ങികൂട്ടി. പക്ഷെ കാലത്തിന്റെ കാവ്യാനീതി എന്ന പോലെ പിന്നീട് നടന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിൽ കാനം സഖാവ് തന്നെ നേരിട്ട് ഇടപെട്ടു വ്യാജപരാതിക്കാരിയെ എഐഎസ്എഫിൽ നിന്നും ഒഴിവാക്കി വിട്ടു.പിൽകാലത്ത് ''ആർഷോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായി''??

Karma is a boomerang .??

Content Highlights: former AISF leaders reacts over fake allegations against PM Arsho

To advertise here,contact us