കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന് വി എം വിനു കല്ലായി ഡിവിഷനില് നിന്ന് മത്സരിക്കും. കെപിസിസി ജനറല് സെക്രട്ടറി പി എം നിയാസ് പാറോപ്പടിയില് നിന്നാണ് ജനവിധി തേടുക. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാല് കല്ലാട്ട് എരഞ്ഞിക്കല് നിന്നും മത്സരിക്കും. രണ്ട് ഘട്ടങ്ങളിലായി കോണ്ഗ്രസ് 37 സ്ഥാനാര്ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്നാംഘട്ട സ്ഥാനാര്ത്ഥി പട്ടിക നാളെ ചേരുന്ന കോര് കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
നിലവിലെ പ്രതിപക്ഷ നേതാവ് കെ സി ശോഭിത ആദ്യത്തെ രണ്ട് പട്ടികയിലും ഇല്ല. മികച്ച സ്ഥാനാര്ത്ഥികളെയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും എം കെ രാഘവന് എംപി പറഞ്ഞു. വാര്ഡ് വിഭജിച്ചാലും വോട്ടര് പട്ടികയില് കൃത്രിമത്വം കാണിച്ചാലും ഇത്തവണ തങ്ങൾ വിജയിക്കുമെന്നും രാഘവന് അറിയിച്ചു. വി എം വിനുവിനെ ഒരു കൗണ്സിലര് ആകാന് മത്സരിപ്പിക്കില്ലെന്നും യുഡിഎഫ് സംവിധാനത്തില് കൃത്യമായ പ്രഖ്യാപനം വരുമെന്നും കോഴിക്കോട് ഡിസിസി അധ്യക്ഷന് അഡ്വ. പ്രവീണ് കുമാര് പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനാണ് നടക്കുക. തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ. വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.
Content Highlights: director vm vinu will contest from kallai division as congress candidate in kozhikkode