തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനില് സിപിഐഎം-ബിജെപി ഡീലെന്ന് ആരോപണം ഉന്നയിച്ച ചെമ്പഴന്തി ലോക്കല് കമ്മിറ്റി അംഗം ആനി അശോകനെ പുറത്താക്കി സിപിഐഎം. ചെമ്പഴന്തി ലോക്കല് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തുടര് നടപടികള് ഡിസി സ്വീകരിക്കും. കഴക്കൂട്ടം എംഎല്എയും മുന് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആനി അശോകന് ഉന്നയിച്ചിരുന്നത്. റിപ്പോര്ട്ടറോടായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് സിപിഐഎം നടപടി.
തിരുവനന്തപുരം കോര്പ്പറേഷനില് സിപിഐഎം-ബിജെപി ഡീലുണ്ടെന്നും പിന്നില് കടകംപള്ളി സുരേന്ദ്രനാണെന്നുമായിരുന്നു ആനി അശോകന് പറഞ്ഞത്. റിപ്പോര്ട്ടറോടായിരുന്നു ആനിയുടെ പ്രതികരണം. കോര്പ്പറേഷനില് ബിജെപിക്ക് വോട്ട് മറിക്കാന് ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപി കടകംപള്ളിക്ക് വോട്ട് നല്കുമെന്നും ആനി അശോകന് പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്പ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാന് ലക്ഷ്യംവെച്ചുള്ളതാണെന്നും ആനി അശോകന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില് കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തില് കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോര്പ്പറേഷനിലേക്കുള്ള സ്ഥാനാര്ത്ഥി നിര്ണയമെന്നും ആനി അശോകന് ആരോപിച്ചിരുന്നു.
കഴിഞ്ഞ തവണ ചെമ്പഴന്തി വാര്ഡില് ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്ത്ഥിയാക്കി നിര്ത്തിയതെന്നും ആനി പറഞ്ഞിരുന്നു. അന്ന് നേതാക്കള് എതിര്ത്തിരുന്നു. ചെല്ലമംഗലത്തെ പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്ത്ഥിക്കെതിരെ എതിര്പ്പുണ്ടായിരുന്നു. അവിടെ പാര്ട്ടിക്കാര് തന്നെയാണ് സ്ഥാനാര്ത്ഥിയെ തോല്പ്പിച്ചതെന്നും ആനി അശോകന് പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന് പറഞ്ഞിരുന്നു.
Content Highlights- Annie ashokan expelled from cpim after she raised allegation against kadakampally surendran