മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾക്ക് ദുരനുഭവം; ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ

പൊലീസെത്തി വിദേശ വനിതകള്‍ക്ക് ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുകയായിരുന്നു

ഇടുക്കി: മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി ആരോപണം.മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് തടഞ്ഞത്. രണ്ട് വിദേശ വനിതകളാണ് ഓൺലൈൻ ടാക്സിയിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. ഓൺലൈൻ ടാക്സി ഡ്രൈവർ ആൻറണി പെരുമ്പള്ളി മൂന്നാർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലിസ് സ്ഥലത്ത് എത്തുകയും സംഭവത്തിൽ ഇടപെട്ട് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.

മൂന്നാറില്‍ മുന്നെയും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. മുംബൈ സ്വദേശിനിയായ ജാന്‍വി എന്ന പെണ്‍കുട്ടിക്കാണ് മൂന്നാറില്‍ നിന്ന് ദുരനുഭവം നേരിട്ടത്. സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച ജാൻവി ഇനി കേരളത്തിലേക്ക് ഇല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനസംഭവം ആവർത്തിക്കുന്നത്.

ജാന്‍വിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് മൂന്നാറില്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight; Tourists in Munnar face another misfortune; Taxi drivers block online taxis

To advertise here,contact us