മൂന്നാംകിടവാദങ്ങൾ ഉന്നയിക്കരുത്; പണിയെടുത്താൽ ശമ്പളം നൽകുക; ദളിത് വിരുദ്ധ പരാമർശത്തിനെതിരെ സണ്ണി എം കപിക്കാട്

നിങ്ങള്‍ സംസ്‌കൃതത്തെ മലിനമാക്കുന്നുവെന്ന് പറയുന്ന ഡോ. വിജയ കുമാരി ചെയ്തത് അയിത്തം ആചരിക്കലാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു

കൊച്ചി: കേരള സര്‍വ്വകലാശാല ബിജെപി സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ദളിത് വരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. ഇത്തരം മൂന്നാംകിട വാദങ്ങള്‍ ഉന്നയിക്കരുതെന്നും ബിജെപി സിന്‍ഡിക്കേറ്റ് അംഗത്തിന്റെ വാദം ആത്മാഭിമാനമുള്ള ദളിതരെ മുറിവേല്‍പ്പിക്കുന്നതാണെന്നും സണ്ണി എം കപിക്കാട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പിയത് ദളിതനാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് എന്താണ്? ദളിതര്‍ക്ക് എന്ത് അയോഗ്യത ഉണ്ടെന്നാണ് ഇവര്‍ വിചാരിക്കുന്നത്. അവര്‍ ഭക്ഷണം പാചകം ചെയ്യുന്നവരാണെങ്കില്‍ രുചികരമായി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നുണ്ടാവും. അത് വിജയകുമാരിയുടെ ഉദാരതയും മാനവികതയുമാണെന്ന് പറയുന്നതൊക്കെ പണ്ട്. ഇത്തരം മൂന്നാംകിട വാദങ്ങള്‍ ഉന്നയിക്കരുത്. പണിയെടുക്കുന്നുണ്ടെങ്കില്‍ ശമ്പളം കൊടുക്കുക. പരാമര്‍ശം ആത്മാഭിമാനമുള്ള ദളിതരെ മുറിവേല്‍പ്പിക്കുന്നതാണ്', സണ്ണി എം കപിക്കാട് പറഞ്ഞു.

നിങ്ങള്‍ സംസ്‌കൃതത്തെ മലിനമാക്കുന്നുവെന്ന് പറയുന്ന ഡോ. വിജയ കുമാരി ചെയ്തത് അയിത്തം ആചരിക്കലാണെന്നും അവര്‍ക്ക് ജാതി ഭ്രാന്താണെന്നും സണ്ണി എം കപിക്കാട് വിമര്‍ശിച്ചു.

പിഎച്ച്ഡി വിദ്യാര്‍ത്ഥിയോട് ജാതി അധിക്ഷേപം നടത്തിയതില്‍ ആരോപണവിധേയയായ കേരള സര്‍വ്വകലാശാല സംസ്‌കൃത വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളിമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചതെന്നായിരുന്നു മറ്റൊരു ബിജെപി സിന്‍ഡിക്കേറ്റ് അംഗം ഡോ. പി എസ് ഗോപകുമാര്‍ ന്യായീകരിച്ചത്. അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും പി എസ് ഗോപകുമാര്‍ പറഞ്ഞു.

Content Highlights: sunny m kapikad against Kerala university BJP Member Anti Dalit Statement

To advertise here,contact us