'ബേബി പറ്റിച്ച പണി, പാരീസ് വിമാനത്താവളത്തില്‍ എന്നെ തീവ്രവാദിയെ പോലെ ചോദ്യം ചെയ്യാന്‍ തുടങ്ങി'

സാക്ഷാൽ ഫിദൽ കാസ്ട്രോക്ക് നൽകാനുള്ള ഉപഹാരമല്ലേ? എന്തായിരിക്കണം ആ ഉപഹാരം എന്ന് ഞങ്ങൾ യൂത്ത് സെന്ററിലിരുന്ന് രണ്ട് ദിവസം ആലോചിച്ചു!!!

കൊച്ചി: 1994 ല്‍ ക്യൂബയിലെ സാമ്രാജ്യത്വ വിരുദ്ധ - സാർവ്വദേശിയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ആദ്യ വിദേശ യാത്രയുടെ രസകരമായ അനുഭവം പങ്കുവെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. 'ആദ്യ വിദേശ യാത്രയും സഖാവ് ബേബി പറ്റിച്ച പണിയും' എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഫിദല്‍ കാസ്‌ട്രോയ്ക്ക് സമ്മാനിക്കാനായി പിച്ചളയില്‍ തീര്‍ത്ത വാളും പരിചയുമായിട്ടായിരുന്നു യാത്ര. എന്നാല്‍ പാരിസ് വിമാനത്താവളത്തില്‍ ഇത് ഉപേക്ഷിക്കേണ്ടിവരികയും 'തീവ്രവാദി'യെപ്പോലെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിയും വന്ന അനുഭവമാണ് കൃഷ്ണദാസ് പങ്കുവെക്കുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നയിച്ച പ്രതിനിധി സംഘത്തില്‍ എംഎ ബേബി, പിണറായി വിജയന്‍, എ വിജയരാഘവന്‍, എം കെ ഭാസ്‌കരന്‍, പി കൃഷ്ണപ്രസാദ് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.

കുറിപ്പ് ഇങ്ങനെ…

ആദ്യ വിദേശ യാത്രയും, സഖാവ് ബേബി പറ്റിച്ച പണിയും!!!

***********************

1994 ലെ ഇത് പോലത്തെ ഒരു നവംബറിൽ ആയിരുന്നു ക്യൂബയിലെ സാമ്രാജ്യത്വ വിരുദ്ധ - സാർവ്വദേശിയ സമ്മേളനത്തിൽ സംബന്ധിക്കാൻ ഇന്ത്യയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തിൽ ഞാനും ഉൾപ്പെട്ടത്. അന്ന് ഞാൻ DYFI സംസ്ഥാന സെക്രട്ടറി ആയിരുന്നു. സഖാവ് എം ഏ ബേബി ആയിരുന്നു അപ്പോൾ അഖിലേന്ത്യാ പ്രസിണ്ട്. അക്ഷരാർത്ഥത്തിൽ അതൊരു ഉന്നത തല പ്രതിനിധി സംഘം തന്നെ ആയിരുന്നു. CPI- M ജനറൽ സെക്രട്ടറി സഖാവ് ഹാർകിഷൻ സിംഗ് സുർജിത് ആയിരുന്നു പ്രതിനിധി സംഘത്തെ നയിച്ചത്. കേരളത്തിൽ നിന്ന് ബേബിയെ കൂടാതെ സഖാക്കൾ പിണറായി വിജയൻ, ഏ വിജയ രാഘവൻ, എം. കെ. ഭാസ്കരൻ, പി. കൃഷ്ണ പ്രസാദ് തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.

സഖാവ് ബേബിയുടെ സഹയാത്രികനായി കൊച്ചിയിൽ (അന്ന് നെടുമ്പാശേരി വിമാനത്താവളം ഇല്ല. ഐലന്റിൽ ആയിരുന്നു വിമാനത്താവളം) നിന്നാണ് ഞങ്ങൾ ഡൽഹിക്ക് വിമാനം കയറിയത്. സഖാവ് പിണറായിയും

ആ വിമാനത്തിൽ ആയിരുന്നു.

യാത്ര നിശ്ചയിച്ചപ്പോൾ സഖാവ് ബേബി പ്രത്യേകമായി ഒരു കാര്യം നിർദ്ദേശിച്ചിരുന്നു ; സഖാവ് ഫിദലിന് നൽകാൻ DYFI യുടെ ഗംഭീരമായൊരു ഉപഹാരം കരുതണം. സാക്ഷാൽ ഫിദൽ കാസ്ട്രോക്ക് നൽകാനുള്ള ഉപഹാരമല്ലേ? എന്തായിരിക്കണം ആ ഉപഹാരം എന്ന് ഞങ്ങൾ യൂത്ത് സെന്ററിലിരുന്ന് രണ്ട് ദിവസം ആലോചിച്ചു!!! പിന്നീട് സഖാവ് ബേബി തന്നെ നിർദ്ദേശിച്ചു; മനോഹരമായൊരു "വാളും പരിചയും" ആവാം. ഞങ്ങൾ പിച്ചളയിൽ ഉണ്ടാക്കിയ ഏറ്റവും മനോഹരമായൊരു " വാളും, പരിചയും " തന്നെ വാങ്ങി. ഉജ്വലമായി പാക്ക് ചെയ്തു. ആവേശപൂർവ്വം അതുമായിട്ടായിരുന്നു യാത്ര പുറപ്പെട്ടത്. ഡൽഹിയിൽ നിന്നും പഴയ സോവിയറ്റ് യൂണിയന്റെ വിമാന കമ്പനി ആയിരുന്ന ഏറോഫ്ലോട്ടിൽ ആയിരുന്നു പാരീസ് വരെയുള്ള യാത്ര. ആ വിമാനത്തിന്റെ ഇരു വശങ്ങളിലും അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ വലിയ അടയാളങ്ങൾ ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ പിരിച്ചു വിട്ടിട്ടും വിമാനങ്ങളിൽ നിന്ന് ആ അടയാളങ്ങൾ അപ്പോഴും പറിച്ചു കളഞ്ഞിരുന്നില്ല. അങ്ങനെ ഇരു വശവും അരിവാൾ ചുറ്റിക നക്ഷത്രം അടയാളപ്പെടുത്തിയ വിമാനം ഡൽഹിയിൽ നിന്നും പറന്നുയർന്നു. പാരീസിൽ അപ്പോൾ കനത്ത തണുപ്പ് തുടങ്ങിയിരുന്നു. രണ്ട് ദിവസം പാരീസ് കാണുന്നതിന് പ്രത്യേകമായൊരു പദ്ധതി ഉണ്ടായിരുന്നു. പാരീസ് ഓടിനടന്ന് കാണാൻ തന്നെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണം. ( പിന്നീട് എം പി ആയിരുന്ന സന്ദർഭത്തിൽ ആണ് പാരീസ് വിശദമായി കണ്ടത്)

രണ്ടാം ദിവസം ഹവാനായിലേക്കുള്ള വിമാനം കയറാൻ ഞങ്ങൾ പാരീസ് അന്തർ സംസ്ഥാന വിമാനത്താവളത്തിൽ എത്തി. എല്ലാവരും ചെക്കിൻ ചെയ്തു ബോർഡിങ്‌ പാസ്സ് എടുത്തു.

സഖാവ് സുർജിത്തിന് Z+ സെക്യൂരിറ്റി ഉള്ളതിനാലും, സഖാവ് ബേബി എം പി ആയതിനാലും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തി അവർക്ക് പ്രത്യേക വഴികൾ ഒരുക്കിയിരുന്നു. ഞങ്ങൾ ബോർഡിങ്‌ അനൗൺസ്‌മെന്റ് കാത്തിരിക്കുകയായിരുന്നു.

പെട്ടന്ന് കുറച്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്റെ ബോർഡിങ്‌ പാസ്സ് അന്വേഷിച്ചെത്തി. തീവ്രവാദി എന്നപോലെ എന്നെ വളഞ്ഞു നിന്ന് ചോദ്യം ചെയ്യാൻ തുടങ്ങി. ആദ്യം കാര്യം മനസ്സിലായില്ല.

പിന്നെ ഇംഗ്ളീഷ് അറിയുന്ന വേറെ ഉദ്യോഗസ്ഥരുമായെത്തി. അപ്പോഴാണ് കാര്യം മനസ്സിലായത്. എന്റെ ലഗ്ഗെജിൽ ഉണ്ടായിരുന്ന "വാളും, പരിചയും" ആയിരുന്നു പ്രശ്നം.

ഇതൊരു ഉപഹാരമാണെന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.

അവസാനം ബോർഡിങ്‌ സമയമായപ്പോൾ ആ ഉപഹാരം പാരീസ് വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടി വന്നു....

അല്ലെങ്കിൽ ഞങ്ങൾക്ക് ബോർഡ് ചെയ്യാൻ പറ്റുമായിരുന്നില്ല.

അങ്ങനെ അത്യാവേശ പൂർവ്വം സാക്ഷാൽ ഫിഡലിന് നൽകാനായി കരുതിക്കൊണ്ട് വന്ന ഉപഹാരം പാരീസ് വിമാനത്താവളത്തിൽ ഉപേക്ഷിച്ചു ഞങ്ങൾ ഹവാനയിലേക്ക്

പറന്നു..... ഇതായിരുന്നു എന്റെ ആദ്യ വിദേശയാത്ര.

Content Highlights: N N Krishnadas shares his experience from his past Cuban trip

To advertise here,contact us