വയനാട്: പൂതാടി ഗ്രാമ പഞ്ചായത്തില് കോണ്ഗ്രസിനുള്ളില് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്ഥിനിര്ണയവുമായി ബന്ധപ്പെട്ട് കോണ്ഗ്രസിനുള്ളില് ആഭ്യന്തരകലഹം രൂക്ഷം. കലഹത്തിന്റെ പശ്ചാത്തലത്തില് കോണ്ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള് പാര്ട്ടിയില്നിന്ന് രാജിവെച്ചു. ചീയമ്പം വാര്ഡ് അംഗം എം വി രാജനും പുളിയമ്പറ്റ വാര്ഡ് അംഗം തങ്കച്ചന് നെല്ലിക്കയത്തുമാണ് പാര്ട്ടിയില്നിന്ന് രാജിവെച്ചത്. ചൊവാഴ്ചയാണ് ഇരുവരും രാജി സമര്പ്പിച്ചത്. എം വി രാജന് ഇരുളം മണ്ഡലം പ്രസിഡന്റിനും തങ്കച്ചന് പൂതാടി മണ്ഡലം പ്രസിഡന്റിനും ചൊവ്വാഴ്ച രാജിക്കത്ത് കൈമാറി.
രാജിക്ക് പിന്നില് കോണ്ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണെന്നും തങ്ങള് അതിന്റെ ഇരകളാണെന്നും ഇവര് പറഞ്ഞു. രാജി വച്ചതിന് പിന്നാലെ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്ട്ടിയില് ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അറിയിച്ചു. അതേസമയം പൂതാടി കോണ്ഗ്രസില് നിന്ന് വരുംദിവസങ്ങളില് കൂടുതല് ആളുകള് പാര്ട്ടി വിട്ട് പുറത്തുവരുമെന്നാണ് സൂചന. ഇതുവരെ പൂതാടി പഞ്ചായത്തിലെ സ്ഥാനാര്ഥിനിര്ണയം പൂര്ത്തിയാക്കാന് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മത്സരിക്കാനുള്ള സീറ്റിനുവേണ്ടി ചേരിതിരിഞ്ഞുള്ള പോരിലാണ് അംഗങ്ങള്. മത്സരിക്കാന് സീറ്റ് നല്കിയില്ലെങ്കില് വിമതരായി മത്സരിക്കുമെന്ന ഭീഷണിയും പാര്ട്ടിക്കുള്ളില് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കോണ്ഗ്രസിലെ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള് രാജി വച്ചത് കൂടാതെ ഐഎന്ടിയുസിയുടെ ജില്ലാസെക്രട്ടറിയും ഓട്ടോഡ്രൈവേഴ്സ് യൂണിയന് ഭാരവാഹിയുമായ പി ജെ ഷാജിയും കോണ്ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്നിന്ന് രാജിവച്ചു. ഇരുളം സ്വദേശിയാണ് രാജി വച്ച പി ജെ ഷാജി. ചൊവ്വാഴ്ച ഇരുളം മണ്ഡലം പ്രസിഡന്റിനാണ് ഷാജി രാജിക്കത്ത് നല്കിയത്. പാര്ട്ടിക്കുള്ളിലെ വിഭാഗീയതയാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: Internal strife in Poothadi Congress as local body elections approach