തിരുവനന്തപുരം: ട്രെയിനില് സ്ത്രീകള്ക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി റെയില്വെ പൊലീസിന് കൈമാറി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള് സ്ത്രീകളെ അതിക്രമിക്കാന് ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ട് ചങ്ങനാശേരിയില് വെച്ചായിരുന്നു സംഭവമുണ്ടായത്. ഇയാള് അപമര്യാദയായി പെരുമാറാന് തുടങ്ങിയതോടെ സ്ത്രീകള് ഒഴിഞ്ഞുമാറി. പിന്നാലെ ഇയാള് സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര് ഇയാളെ പിടികൂടുകയും ഷര്ട്ട് അഴിച്ചെടുത്ത് കൈകള് കൂട്ടിക്കെട്ടുകയും ചെയ്തു. ഇയാള് കുതറിയോടാന് ശ്രമിച്ചെങ്കിലും യാത്രക്കാര് ബലംപ്രയോഗിച്ച് നിലത്ത് കിടത്തുകയായിരുന്നു. ട്രെയിന് ചെങ്ങന്നൂര് റെയില്വെ പൊലീസിന് കൈമാറി.
ദിവസങ്ങള്ക്കു മുമ്പാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ മദ്യപിച്ചെത്തിയ സുരേഷ് കുമാര് ട്രെയിനില് നിന്ന് ചവിട്ടി താഴെയിട്ടത്. നിലവില് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലാണ് 19കാരി. പുകവലി ചോദ്യം ചെയ്തതാണ് പെണ്കുട്ടിയെ ട്രെയിനില് നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര് പെണ്കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്കുട്ടികള് മാറിനില്ക്കാന് ആവശ്യപ്പെട്ടു. ഇല്ലെങ്കില് പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു കണ്ടെത്തല്.
Content Highlights: Drunk passenger attempts to harass women on Kerala Express