'സന്ദീപിനെ പോലെ മെച്ചപ്പെട്ട ഓഫർ വന്നപ്പോൾ പാർട്ടിവിട്ടു';പാലക്കാട് നഗരസഭാ മുൻ ചെയര്‍പേഴ്‌സനെതിരെ സൈബർ ആക്രമണം

പാര്‍ട്ടി വിട്ട് പോകുമ്പോള്‍ പ്രസ്ഥാനത്തിന്റെ പള്ളക്ക് കുത്തിയിട്ട് പോകണമായിരുന്നോയെന്നും സൈബര്‍ ആക്രമണം

പാലക്കാട്: പാലക്കാട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനെതിരെ സൈബര്‍ അധിക്ഷേപം. രാഷ്ട്രീയം ഉപേക്ഷിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രിയ ബിജെപിക്കെതിരായി പരോക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് സൈബര്‍ അധിക്ഷേപം നേരിടുന്നത്. നാല് പേര് അറിയാന്‍ കാരണമായത് പ്രസ്ഥാനമല്ലേയെന്നാണ് സൈബര്‍ ഇടങ്ങളില്‍ ഉയരുന്ന ചോദ്യം.

'പോകുമ്പോള്‍ പ്രസ്ഥാനത്തിന്റെ പള്ളക്ക് കുത്തിയിട്ട് പോകണമായിരുന്നോ, സന്ദീപ് വാര്യരെ പോലെ മെച്ചപ്പെട്ട ഓഫര്‍ വന്നപ്പോളാണ് പ്രിയ അജയന്‍ പാര്‍ട്ടി വിട്ടത്', തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രിയ അജയന്‍ അറിയിച്ചത്.

'രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്‌പ്പേറിയ പാഠങ്ങളും ഈ കാലയളവില്‍ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തി. പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഈ രാഷ്ട്രീയ ജീവിതത്തോട് ഞാന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുന്നു', എന്ന പോസ്റ്റായിരുന്നു പ്രിയ അജയന്‍ പങ്കുവെച്ചത്.

2023 ഡിസംബര്‍ മാസത്തിലായിരുന്നു പ്രിയ അജയന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു പ്രിയയുടെ രാജിയെന്ന് നേതൃത്വം വിശദീകരിച്ചെങ്കിലും ബിജെപിയിലെ പടലപിണക്കങ്ങളാണ് രാജിയ്ക്ക് കാണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥാനത്ത് തുടരാനാകില്ലെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചതായി രാജിവെയ്ക്കുന്ന സമയത്ത് പ്രിയ അജയനും പ്രതികരിച്ചിരുന്നു.

ആര്‍എസ്എസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു മുന്‍ അധ്യക്ഷ പ്രമീളാ ശശിധരനെ ഒഴിവാക്കി പ്രിയയെ പാലക്കാട് നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി കൊണ്ടുവന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഭരണകക്ഷിക്കുള്ളില്‍ അസ്വാരസ്യം തുടങ്ങിയിരുന്നു. പ്രിയ അജയന്റെ രാജിക്ക് പിന്നാലെ പ്രമീള ശശിധരനെ നഗരസഭാ അധ്യക്ഷയായി ബിജെപി നേതൃത്വം തിരഞ്ഞെടുത്തിരുന്നു.

Content Highlights: Cyber attack against former Palakkad Municipal Corporation chariman

To advertise here,contact us