'വിജയകുമാരിയുടെ വീട്ടിൽ അന്നംവിളമ്പുന്നത് ദളിത് വ്യക്തി';വിവാദപരാമർശവുമായി കേരള സർവകലാശാല BJPസിൻഡിക്കറ്റ് അംഗം

സര്‍വകലാശാലയുടെ മുറ്റത്തുനിന്ന് ജാതി പറയാന്‍ കഴിയില്ലെന്നും ജാതി പറഞ്ഞാല്‍ അടിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി സിന്‍ഡിക്കേറ്റ് അംഗം. ജാതി അധിക്ഷേപം നടത്തിയതില്‍ ആരോപണവിധേയയായ സംസ്‌കൃതം വിഭാഗം വകുപ്പ് മേധാവി ഡോ. സി എന്‍ വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് ഡോ. വിനോദ് കുമാര്‍ പറഞ്ഞു. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി എസ് ഗോപകുമാറും പ്രതികരിച്ചു.

അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും പി എസ് ഗോപകുമാര്‍ പറഞ്ഞു. 'സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് നിരന്തര ആക്രമണമുണ്ടാകുന്നത്. 15 വര്‍ഷമായി ദളിത് പീഡനം നടത്തുന്നു എന്നാണ് ആരോപണം. പക്ഷേ ഇക്കാലയളവില്‍ ഒന്നും വിദ്യാര്‍ത്ഥിക്ക് പരാതികള്‍ ഉണ്ടായിരുന്നില്ല. ഓപ്പണ്‍ ഡിഫന്‍സ് നടക്കുന്നതുവരെ യാതൊരു ആക്ഷേപവും ഉണ്ടായിരുന്നില്ല', പി എസ് ഗോപകുമാര്‍ പറഞ്ഞു.

അധ്യാപികയ്ക്ക് കീഴില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും പി എസ് ഗോപകുമാര്‍ പറഞ്ഞു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ അധ്യാപികയുടെ വീട്ടില്‍ നിന്ന് അടക്കം പഠിക്കുന്നുണ്ട്. എംഫില്‍ നല്‍കിയപ്പോള്‍ വിപിന്‍ വിജയന് ജാതി അധിക്ഷേപ പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐയുടെ ഹുങ്ക് ഉപയോഗിച്ച് ബിരുദം നേടാന്‍ ശ്രമിക്കുന്നുവെന്നും അക്കാദമിക് വിഷയങ്ങള്‍ ജാതിയുമായി കൂട്ടിക്കെട്ടരുതെന്നും ഗോപകുമാര്‍ പറഞ്ഞു. വൈജ്ഞാനിക പാപ്പരത്വം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്നത്തെ സെനറ്റ് യോഗത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ളയ്ക്ക് അനുശോചനം അര്‍പ്പിക്കുന്നത് മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധമായിരുന്നു നടന്നതെന്നും ഡോ. സി എന്‍ വിജയകുമാരിക്കെതിരെയുള്ള വ്യാജ പരാതിയുടെ പേരിലാണ് പ്രതിഷേധം നടന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. അജണ്ടയില്‍ ഇല്ലാത്ത അനാവശ്യ കാര്യം ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അധ്യാപികയ്ക്ക് എതിരെ വ്യാപക പ്രതിഷേധത്തിലാണ് എസ്എഫ്‌ഐ. സെനറ്റ് യോഗം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ വിജയകുമാരി അടക്കമുള്ള ബിജെപി അംഗങ്ങളെ തടയാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ഇതിനിടെ ബിജെപി അംഗങ്ങളുമായി എസ്എഫ്‌ഐ കയ്യാങ്കളിയിലേക്ക് നീങ്ങി. സര്‍വകലാശാലയുടെ മുറ്റത്തുനിന്ന് ജാതി പറയാന്‍ കഴിയില്ലെന്നും ജാതി പറഞ്ഞാല്‍ അടിക്കുമെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍വകലാശാലയിലേക്ക് കൂടുതല്‍ പൊലീസ് എത്തുന്നുണ്ട്.

ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്റെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന്‍ വെള്ളം തളിക്കുമായിരുന്നെന്നും എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേസിനെതിരെ അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Content Highlights: Controversy statement of BJP Syndicate member on Dalit in Kerala University

To advertise here,contact us