എടയൂരിൽ ലീഗിൽ കൂട്ടയടി;കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയാകാൻ വ്യാജ കത്ത് നൽകിയെന്നും പരാതി

കോഴിക്കോട് ടേം മറികടക്കാൻ വനിതാനേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയെന്നും പരാതി

മലപ്പുറം: എടയൂര്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗില്‍ കൂട്ടയടി. നാലാം വാര്‍ഡ് മണ്ണത്ത് പറമ്പില്‍ നടന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന പരിപാടിയിലാണ് സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഹസന്‍ മുളക്കലിനെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഗഫൂര്‍ എന്നയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു. ഇതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. തര്‍ക്കം മുറുകിയതോടെ സംഘര്‍ഷം കയ്യങ്കാളിയിലേക്ക് മാറി. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്തെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് താമരശ്ശേരി ഡിവിഷനില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ വ്യാജ കത്ത് നല്‍കിയെന്ന പരാതിയും ഉയരുന്നുണ്ട്. സംഭവത്തില്‍ ലീഗ് വാര്‍ഡ് പ്രസിഡന്റ് ബാബു കുടിക്കില്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ലീഗ് നേതാവ് കെ വി മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്ത് വാര്‍ഡ് കമ്മിറ്റി നല്‍കിയ കത്ത് വ്യാജമെന്നാണ് വാര്‍ഡ് പ്രസിഡന്റിന്റെ പരാതി.

എന്നാല്‍ ഫ്രഷ് കട്ട് സമരക്കേസില്‍ അകപ്പെട്ട് പ്രസിഡന്റ് ഒളിവിലായതിനാല്‍ വാര്‍ഡ് കമ്മിറ്റിയില്‍ പങ്കെടുത്തില്ലെന്നാണ് കെ വി മുഹമ്മദ് പറയുന്നത്. 21 പേര്‍ കമ്മിറ്റിയില്‍ പങ്കെടുത്ത് എടുത്ത തീരുമാനമാണിതെന്നും കെ വി മുഹമ്മദ് പ്രതികരിച്ചു. അതേസമയം കമ്മറ്റിയില്‍ പങ്കെടുത്തവരിലേറെയും വാര്‍ഡിന് പുറത്തുള്ളവരെന്നാണ് ബാബു കുടിക്കിലിന്റെ വിശദീകരണം.

അതേസമയം ടേം മാനദണ്ഡം മറികടക്കാന്‍ കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തില്‍ വനിതാ ലീഗ് നേതാവിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതിലും പ്രതിഷേധം ഉയരുന്നുണ്ട്.

വിഷയത്തില്‍ പ്രാദേശിക നേതൃത്വം പാണക്കാട് തങ്ങള്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ച് വിജയിച്ച റസീന ഷാഫിക്ക് നാലാം തവണയും സീറ്റ് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. കെ റെയില്‍വിരുദ്ധ സമരം നടന്ന വാര്‍ഡിലാണ് സീറ്റ് നല്‍കിയതെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചാലെ മത്സരിക്കുവെന്ന് ജില്ലാ നേതൃത്വം പറയുമ്പോള്‍ അനുമതി ലഭിക്കും മുന്‍പ് എന്തിന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെന്നാണ് പ്രാദേശിക നേതൃത്വം ചോദിക്കുന്നത്.

Content Highlights: Clashes in Muslim league on Local body Election in various places

To advertise here,contact us