'ആരോപണമുന്നയിച്ച് പേടിപ്പിക്കേണ്ട; ഞാൻ നില്‍ക്കുന്നത് CPIMലാണ്,കുത്തഴിഞ്ഞ പാർട്ടിയിലല്ല'; സതീശനെതിരെ പ്രശാന്ത്

'സിപിഐഎം കോണ്‍ഗ്രസിനെ പോലെയല്ല. ഒരു പദവിയിലെത്തിയാല്‍ അവിടെ എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്ന് കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്'

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തന്റെ ആസ്തി മൂന്ന് ലക്ഷത്തിന് താഴെയാണെന്നും പ്രതിപക്ഷ നേതാവിന്റേത് എത്രയാണെന്ന് പറയണമെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം വെളിപ്പെടുത്താൻ പ്രതിപക്ഷ നേതാവിനെ താൻ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തി വെളുപ്പെടുത്തിയാല്‍ ആരാണ് കോടീശ്വരനെന്ന് അപ്പോള്‍ മനസിലാകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

'എന്റെ സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഏത് അന്വേഷണവും നടത്തിക്കോളൂ, ഈ ലോകത്തില്‍ എനിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ല. എന്റെ ഭാര്യയ്ക്ക് സ്വത്തുണ്ടെങ്കില്‍ അത് പാരമ്പര്യമായി കിട്ടിയതാണ്. ഇത് ഒരു വിവരാവകാശത്തില്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ . എന്നെ അത്തരം കാര്യങ്ങള്‍ പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട' പി എസ് പ്രശാന്ത് വ്യക്തമാക്കി.

'ഞാന്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎം എന്ന പാര്‍ട്ടിയിലാണ്. സിപിഐഎം കോണ്‍ഗ്രസിനെ പോലെയല്ല. ഒരു പദവിയിലെത്തിയാല്‍ അവിടെ എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്ന് കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്, ഒരു കുത്തഴിഞ്ഞ പാര്‍ട്ടിയല്ല. ഞാന്‍ എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ഇപ്പോള്‍ ഞാന്‍ സ്ഥാനത്ത് നിന്ന് ഇറങ്ങുകയാണ്. എന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സുതാര്യമായ വിശദീകരണം പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. ആത്മാര്‍ത്ഥമായും സുതാര്യമായും ഭക്തിനിര്‍ഭരമായും മാത്രമേ ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുള്ളൂ.' പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Content Highlight; PS Prashanth challenges the opposition leader V D Satheesan

To advertise here,contact us