ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ ഞങ്ങൾ വിചാരണ ചെയ്യും; ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും: വി ഡി സതീശൻ

'സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്'

കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണും. സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റത്തിൻ്റെ കാര്യത്തിൽ ഒന്നാം സ്ഥാനമാണ്. ശബരമലയിലെ സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും പങ്കുണ്ട്. സിപിഐഎമ്മിൻ്റെ മൂന്ന് പ്രസിഡൻ്റുമാർക്കും പങ്കുണ്ട്. കട്ടവർക്ക് സർക്കാർ കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വയലുകളിൽ കർഷകരുടെ കണ്ണീരാണ്. നെല്ലുസംഭരണം പ്രതിസന്ധിയിലാണ്. ലഹരി മാഫിയയ്ക്ക് കേരളത്തെ കൊടുത്തു. ആരോഗ്യ കേരളം വെൻ്റിലേറ്ററിലാണ്. വിദ്യാഭ്യാസ മേഖലയെ തകർത്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം യുഡിഎഫിനായിരുന്നു. ഇന്നും നാളെയുമായി കൊച്ചി കോർപ്പറേഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനാണ് നടക്കുക. തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ. വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.

Content Highlights: VD Satheesan says UDF is ready to face the elections

To advertise here,contact us