കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയിട്ടുണ്ടെന്നും ആ പിന്തുണ തങ്ങൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേറെ മറ്റ് നീക്കുപോക്കുകളൊന്നുമില്ല. അക്കാര്യം അവരും വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. വെൽഫെയർ പാർട്ടി ഞങ്ങളുടെ മുന്നണിയിലെ കക്ഷിയല്ല. പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളുടെ മുന്നണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരല്ല. അതിൽ സിപിഐഎമ്മിനെന്താണ് അസുഖമെന്ന് വി ഡി സതീശൻ ചോദിച്ചു.
'മൂന്ന് പതിറ്റാണ്ട് കാലം വെൽഫെയർ പാർട്ടിയുടെ പഴയ രൂപമായ ജമാഅത്തെ ഇസ്ലാമി സിപിഐഎമ്മിന് പിന്തുണ കൊടുത്തതല്ലേ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോകാൻ ഒരു മടിയും ഉണ്ടായിരുന്നില്ലല്ലോ. അന്ന് വർഗീയവാദം ഉണ്ടായില്ലേ?. സിപിഐഎമ്മിന്റെ അവസരവാദമാണി'തെല്ലാമെന്നും വി ഡി സതീശൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളിൽ മറ്റെല്ലാ മുന്നണികളെക്കാളും മുന്നിലാണ് യുഡിഎഫ്എന്നും ഉന്നത വിജയം നേടുമെന്നും സതീശൻ പറഞ്ഞു.
Content Highlights: UDF will accept support of welfare party says V D Satheesan