തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ നടൻ പൂജപ്പുര രാധാകൃഷ്ണൻ; എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും

കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. കെ ബി ഗണേഷ് കുമാറാണ് പൂജപ്പുര രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ജനവിധി തേടാൻ സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ. ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് രാധാകൃഷ്ണൻ ജനവിധി തേടുക. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എസ് പി ദീപക്ക് പേട്ട വാർഡിൽ നിന്ന് മത്സരിക്കും. മുൻ മേയർ കെ ശ്രീകുമാർ ചാക്ക വാർഡിൽ നിന്നാണ് ജനവിധി തേടുക. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂർ ബാബു വഞ്ചിയൂരിൽ മത്സരിക്കും. പുന്നയ്ക്കാമുഗളിൽ നിന്ന് ആർ പി ശിവജി രംഗത്തിറങ്ങും. ഷാജിത നാസറിനെപ്പോലുള്ള സീനിയർ അംഗങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗൗരീശപട്ടം വാർഡിൽ നിന്ന് മത്സരിക്കുന്നത് പുതുമുഖം അഡ്വ. പാർവതിയായിരിക്കും.

ഇത്തവണ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും. നാമനിര്‍ദേശ പത്രിക 14-ന് നല്‍കാം. അവസാന തീയതി നവംബര്‍ 21 ആണ്. പത്രിക പിന്‍വലിക്കുന്ന തീയതി നവംബര്‍ 24 ആണ്.

ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. പ്രായമായവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് പിന്നീടാവും നടക്കുക. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പഞ്ചായത്തുകളിലേക്കായി 28,127 പോളിംഗ് സ്റ്റേഷനുകളാകും ഉണ്ടാകുക.മുനിസിപ്പാലിറ്റികള്‍ക്കായി 3,204 പോളിംഗ് സ്റ്റേഷനുകളും നഗരസഭകള്‍ക്കായി 2,015 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.

തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ വിനിയോഗിക്കും. വ്യാജവാര്‍ത്തകള്‍, എഐയുടെ ദുരുപയോഗം എന്നിവ തടയും. ഇത് പ്രത്യേക സമിതി നിരീക്ഷിക്കും. മോണിറ്ററിങ്ങിന് പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും.

Content Highlight; Poojappura Radhakrishnan to Contest from Jagathy Ward in Local Elections

To advertise here,contact us