തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് തിരുവനന്തപുരം കോര്പ്പറേഷനില് മത്സരിക്കുന്ന സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് എല്ഡിഎഫ്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
93 സീറ്റുകളിലേക്കുള്ള സ്ഥാനാര്ത്ഥികളെയാണ് ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 70 സീറ്റില് സിപിഐഎമ്മും 17 സീറ്റുകളില് സിപിഐയും മത്സരിക്കും. കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ആര്ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്എല് ഒരു സീറ്റിലും മത്സരിക്കും.
ഡെപ്യൂട്ടി മേയര് പി കെ രാജുവിന്റെ മകള് തൃപ്തി രാജ് സിപിഐക്ക് വേണ്ടി മത്സരിക്കും.കവടിയാറില് യുഡിഎഫിന്റെ മേയര് സ്ഥാനാര്ത്ഥി ശബരീനാഥനെതിരെ മുന് കൗണ്സിലര് എ സുനില് കുമാര് മത്സരിക്കും. ബിജെപി സ്ഥാനാര്ത്ഥി ആര് ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആര് മത്സരിക്കും.
23കാരിയായ മാഗ്ന അമ്പലത്തറ വാര്ഡില് മത്സരിക്കും. കുന്നുകുഴി വാര്ഡില് ഐ പി ബിനു മത്സരിക്കും. മൂന്ന് തവണ മത്സരിച്ച മുന് ഡെപ്യൂട്ടി മേയര് രാഖി രവികുമാറിന് സിപിഐ ഇളവ് നല്കിയിട്ടുണ്ട്. ഷാജിദ നാസറിന് സിപിഐഎമ്മും ഇളവ് നല്കി. 30 വയസിന് താഴെയുള്ള 13 പേരും 40 വയസിന് താഴെയുള്ള 12 പേരുമാണ് മത്സര രംഗത്തുള്ളത്.
എട്ട് സീറ്റില് ചെറിയ തര്ക്കമുള്ളതിനാലാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കാത്തതെന്ന് വി ജോയ് വ്യക്തമാക്കി. ഉഭയകക്ഷി ചര്ച്ചക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മേയറെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്നും അതാണ് പാര്ട്ടി രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: LDF announce Candidate list in Thiruvananthapuram Corporation