കോഴിക്കോട്: കോഴിക്കോട് കോണ്ഗ്രസില് കൗണ്സിലര് രാജിവെച്ച് ആംആദ്മി പാര്ട്ടിയില് ചേര്ന്നു. നടക്കാവ് കൗണ്സിലര് അല്ഫോണ്സയാണ് രാജിവെച്ച് ആംആദ്മി പാര്ട്ടിയില് ചേര്ന്നത്. ആംആദ്മി സ്ഥാനാര്ത്ഥിയായി മാവൂര് റോഡിൽ നിന്ന് മത്സരിക്കും.
കോഴിക്കോട് മേയര് ബീന ഫിലിപ്പ്, ഡെപ്യൂട്ടി സെക്രട്ടറി അടക്കമുള്ളവര് പങ്കെടുത്ത പൊതുപരിപാടിയില് എത്തിയാണ് അല്ഫോണ്സ രാജിക്കത്ത് നല്കിയത്. മുന് മേയര് തോട്ടത്തില് രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെയായിരുന്നു വേദിയിലെത്തി മേയര്ക്ക് കത്ത് നല്കിയത്.
48 വര്ഷങ്ങള് കൊണ്ട് കോഴിക്കോട് കോര്പ്പറേഷന് രണ്ട് മുന്നണികളും ചേര്ന്ന് കട്ടുമുടിക്കുകയാണെന്നും ഇക്കാര്യം ജനങ്ങള്ക്ക് മനസ്സിലായി തുടങ്ങിയെന്നും അല്ഫോണ്സ പറഞ്ഞു. ഈ സിസ്റ്റത്തോടുള്ള വിയോജിപ്പാണ് രാജിയിലേക്ക് നയിച്ചത്, സീറ്റ് കിട്ടാത്തതിലല്ല പ്രശ്നം അല്ഫോണ്സ പറഞ്ഞു.
'കോര്പ്പറേഷനില് നിന്ന് ഒന്നിലധികം പേര് ആംആദ്മിയിലേക്ക് എത്തും. മറ്റ് പാര്ട്ടികളില് സ്ത്രീകളെ ഡെമ്മികളാക്കി മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി എനിക്കത് നേരിട്ട് അറിയാം. ജനങ്ങളോട് പ്രതിബന്ധതയുള്ളതിനാലാണ് രാജി ഇത്രത്തോളം വൈകിയത്. രാജിക്കത്ത് കൊടുക്കാന് പോകുമ്പോള് സെക്രട്ടറിക്ക് കൂടി കത്ത് നല്കാനാണ് മേയര് പറഞ്ഞത്. ഇവിടുത്തെ അവസ്ഥ അദ്ദേഹത്തിന് നന്നായി അറിയാം.' അല്ഫോണ്സ കൂട്ടിച്ചേര്ത്തു.
Content Highlight; Kozhikode Congress Councillor Resigns, Joins Aam Aadmi Party