വനാവകാശ നിയമ പ്രകാരം അനുവദിച്ച ഭൂമി കൈമാറുന്നില്ല; മരത്തിൽ നിന്നും ചാടുമെന്ന ഭീഷണിയുമായി ആദിവാസി യുവാക്കൾ

കരുളായി മുണ്ടക്കടവ് ഉന്നതിയിലെ കുടുംബങ്ങളാണ് മരത്തിന് മുകളിൽ നിൽക്കുന്നത്

മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് പേരാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വനാവകാശ നിയമ പ്രകാരം അനുവദിച്ചു നൽകിയ ഭൂമി കൈമാറുന്നതിൽ ഡിഎഫ്ഒ ഒപ്പ് വെക്കുന്നില്ലന്ന് ആരോപിച്ചാണ് ആത്മഹത്യ ശ്രമം. പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത്‌ എന്നിവരാണ് ആത്മാഹത്യാ ഭീഷണി മുഴക്കുന്നത്.

വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആളുകള്‍ക്ക് ഭൂമി പതിച്ച് നല്‍കിയിരുന്നു. കോടതിയും ജില്ലാ കളക്ടറുമടക്കം ഭൂമി അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 53 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി അനുവദിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവച്ച് നല്‍കിയത്. പല തവണ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നതിയിലെ ആളുകള്‍ ഡിഎഫ്ഒയെ സമീപിച്ചെങ്കിലും അദ്ദേഹം ഒപ്പുവെക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡിഎഫ്ഒയുമായുള്ള ചര്‍ച്ച നടക്കാത്തതിനാലാണ് ഇവര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

Content Highlight; Families in Mundakkadavu Unnati, Malappuram, on top of a tree

To advertise here,contact us