കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ സംവിധായകൻ വി എം വിനുവിനെ മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസ്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കാനാണ് നീക്കം. രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും വിനുവുമായി സംസാരിച്ചതായും സമ്മതമറിയിച്ചതായുമാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
നേതാക്കളുമായുള്ള ചർച്ചക്ക് മുമ്പായി മത്സരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമായിട്ടില്ലെന്നുമായിരുന്നു വിനുവിന്റെ പ്രതികരണം. എന്നാൽ ചർച്ചകൾക്കൊടുവിലാണ് വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനമായത് എന്നാണ് സൂചന.
പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. കോർപ്പറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിന് സ്ഥാനാർത്ഥികളുള്ളത്. ഇതിൽ 23 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനാണ് നടക്കുക. തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ. വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.
Content Highlights: Director VM Vinu may become Congress candidate in Kozhikode Corporation