ആ മതിലിന്‍റെ കളർ നോക്കൂ ഇതെന്താ പാകിസ്താനോ?: മുനിസിപ്പാലിറ്റി ഓഫീസ് മതിലിന് പച്ച കളർ അടിച്ചതിൽ CPIM വിമർശനം

പച്ച പെയിന്‍റ് അടിച്ചതിന് പിന്നിൽ മുസ്‌ലിം ലീഗിന്റെ വർഗീയ നിലപാടാണെന്ന് സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം

കാഞ്ഞങ്ങാട്: കാസർകോട് മുനിസിപ്പാലിറ്റി ഓഫീസിന്റെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പച്ച പെയിന്റടിച്ചതിന് പിന്നിൽ മുസ്‌ലിം ലീഗിന്റെ വർഗീയ നിലപാടാണെന്നും ഇത് പാകിസ്താനാണോഎന്നും വിഷയത്തിൽ സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ പ്രതികരിച്ചതും ചർച്ചയായിട്ടുണ്ട്.

വ്യാജവോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മുസ്‌ലിം ലീഗ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് കാസർകോട് മുനിസിപ്പൽ ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാർച്ചിലായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം. 'ആ മതിലിന്റെ കളർ നോക്കൂ ഇതെന്താ പാകിസ്താനോ. പച്ച പെയിന്റടിച്ച ഏതെങ്കിലും മതിൽ കേരളത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇത് അവരുടെ അപ്രമാധിത്യമാണ്. നാട്ടിൽ വർഗീയ ചേരിതിരിവ് ഒരുക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്' എന്നാണ് മുഹമ്മദ് ഹനീഫ പറഞ്ഞത്.

ഈ കേരളത്തിനകത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 70 ശതമാനം ഭരിക്കുന്നത് സിപിഐഎമ്മിന്റെ പ്രതിനിധികളാണ്. എന്നിട്ട് ഏതെങ്കിലും ഒരു പഞ്ചായത്ത് ഓഫീസിന് ചുവന്ന പെയിന്റ് അടിച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ?. കേരളത്തിന് പൈസ തരണമെങ്കിൽ നിങ്ങൾ കാവിക്കളർ അടിക്കണമെന്ന് പറയുന്ന തരത്തിൽ നരേന്ദ്രമോദിക്ക് തുല്യക്കാരനായി നഗരസഭയിലെ മുസ്‌ലിം ലീഗുകാർ മാറുകയാണെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു.

Content Highlights: Controversy over green paint on the wall of Kasaragod Municipality Office

To advertise here,contact us