കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ചാലപ്പുറം ഡിവിഷൻ സിഎംപിക്ക് നൽകിയതിലാണ് അതൃപ്തി. ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം അയൂബ് ഉൾപ്പെടെ 12 ഭാരവാഹികൾ ഡിസിസി ഓഫീസിലെത്തി രാജിക്കത്ത് കൈമാറി. നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവരുടെ മറുപടി കിട്ടിയതിനു ശേഷം പ്രതികരിക്കാമെന്നും അയൂബ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൈപ്പത്തി ചിഹ്നത്തിലാവണമിവിടെ മത്സരക്കേണ്ടത്. തന്റെ പാർട്ടി സ്ഥിരമായി മത്സരിച്ച് ജയിക്കുന്ന സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും അയൂബ് പറഞ്ഞു. രാത്രിയോടെ അയൂബ് ഉൾപ്പെടെ ഭാരവാഹികൾ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
അതേസമയം, കോഴിക്കോട് കോൺഗ്രസിൽ മറ്റൊരു ട്വിസ്റ്റുകൂടി ഉണ്ടായിരിക്കുകയാണ്. കോൺഗ്രസ് കൗൺസിലർ രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്നു. നടക്കാവ് കൗൺസിലർ അൽഫോൻസയാണ് രാജിവെച്ചത്. ആംആദ്മി സ്ഥാനാർത്ഥിയായി മാവൂർ റോഡിൽ നിന്ന് അൽഫോൻസ മത്സരിക്കും. പൊതുപരിപാടിയിലെത്തിയാണ് അൽഫോൻസ കോഴിക്കോട് മേയർ ബീന ഫിലിപ്പിന് രാജിക്കത്ത് കൈമാറിയത്.
Content Highlights: conflict in Congress over Kozhikode Corporation seat distribution