ഗവേഷക വിദ്യാർത്ഥിക്കെതിരായ ജാതി അധിക്ഷേപം: കേരള സർവകലാശാല സംസ്‌കൃത മേധാവിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വിജയകുമാരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.

തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ അധ്യാപികയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം ഡീന്‍ ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റാണ് തടഞ്ഞത്. വിജയകുമാരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.

ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിൻ്റെ പേരില്‍ പരാതി നല്‍കിയത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിൻ്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്ഐആറില്‍ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന്‍ വെള്ളം തളിക്കുമായിരുന്നെന്നും എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്നു.

എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു.

Content Highlights: Cast discrimination against PHD student in Kerala University High Court block teachers arrest

To advertise here,contact us