തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തില് അന്വേഷണത്തിന് വിദഗ്ധ സമിതി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളേജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്. മൂന്ന് വകുപ്പുകളുടെ മേധാവികള് അന്വേഷണ സംഘത്തില് ഉണ്ടാകും. സംഭവത്തില് വിശദമായി അന്വേഷണം നടത്തി റിപ്പോര്ട്ട് ഉടന് സമര്പ്പിക്കാനാണ് അന്വേഷണ സംഘത്തോട് നിര്ദ്ദേശിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു തിരുവനന്തപുരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. ശിവപ്രിയയുടെ മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ശിവപ്രിയയുടെ മരണം ചികിത്സാപിഴവിനെ തുടർന്നെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. സുപ്രീംകോടതിയുടെ മാര്ഗനിര്ദേശം പാലിച്ചുള്ള വിദഗ്ധസമിതിയെ അന്വേഷണം ഏല്പ്പിക്കണമെന്നും ശിവപ്രിയയുടെ മൃതദേഹം ആര്ഡിഒയുടെ സാന്നിധ്യത്തില് ഇന്ക്വസ്റ്റും പോസ്റ്റ്മോര്ട്ടവും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു,
കഴിഞ്ഞ 22-നാണ് ശിവപ്രിയ എസ്എടി ആശുപത്രിയില് ആണ്കുഞ്ഞിന് ജന്മം നല്കിയത്. 24-ന് ഡിസ്ചാര്ജ് ചെയ്ത് വീട്ടിലേക്ക് പോയി. ആ സമയത്ത് തനിക്ക് പനിയുള്ളതായി ശിവപ്രിയ ഡോക്ടറെ അറിച്ചിരുന്നതായി ബന്ധുകള് പറയുന്നു. എന്നാല് വീട്ടിലെത്തിയപ്പോള് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് എസ്എടിയില് 26-ന് വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു. പരിശോധനയില് അണുബാധ സ്ഥിരീകരിച്ചു. തുടര്ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ശിവപ്രിയ. തുടര്ന്നാണ് മരണം സംഭവിച്ചത്.
Content Highlights: health department appointed expert committee to investigate death of young woman after giving birth in SAT hospital